പാവറട്ടി: എളവള്ളി പഞ്ചായത്തിലെ കണിയാംതുരുത്തിൽ നാലുവർഷം മുമ്പ് വച്ച് പിടിപ്പിച്ച 40 കുളവെട്ടി മരങ്ങളുടെ വളർച്ച വിലയിരുത്താനും (പ്രൂണിംഗ്) ചില്ലകളിൽ നിന്നും പുതുതൈകൾ ഉത്പ്പാദിപ്പിക്കുവാൻ കഴിയുമോ എന്നറിയാനും പഠന സംഘമെത്തി. തൃശൂർ സെന്റ് തോമസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസർ പി.വി. ആന്റോയുടെ നേതൃത്വത്തിലുള്ള 40 വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്.
നാലുവർഷം കൊണ്ട് 16 അടിയോളം ഉയരത്തിലുള്ള വളർച്ചയാണ് തൈകൾക്ക് പഠനസംഘം രേഖപ്പെടുത്തിയത്. കൂടാതെ തൈകളുടെ കാണ്ഡ വളർച്ചയും കൂടുതലാണ്. തൈകളുടെ ചില്ലകളിൽ നിന്നും അപൂർവമായി വേരുകൾ പുറത്തുവരുന്നതും സംഘം രേഖപ്പെടുത്തി. അത്തരം ചെറിയ ചില്ലകളിൽ നിന്നും തൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയുമോയെന്ന പരീക്ഷണത്തിലാണ് സംഘം.
കുളവെട്ടി മരങ്ങളുടെ പ്രൂണിംഗ് എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർമാൻ കെ.ഡി. വിഷ്ണു അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ടി.സി. മോഹനൻ, ശ്രീബിത ഷാജി, പഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ കെ.ബി. അനു, എം.ആർ. രാജു എന്നിവർ പ്രസംഗിച്ചു.