വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ റോഡിലൂടെ പേടിച്ചുവേണം യാത്ര ചെയ്യാൻ. എപ്പോൾ വേണമെങ്കിലും തെരുവ് നായ ചാടി വീഴാം. തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ മൗനം പാലിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.
വീടുകളിൽ കയറി ആടുകളെയും കോഴികളെയും കൊന്നാടുക്കിയ അനവധി സംഭവങ്ങളുണ്ടായി. പ്രധാന ജംഗ്ഷനുകൾ സഹിതം നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. ഇതിൽ പലതിനും പേ വിഷബാധയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. പുലർച്ചെ പത്രവിതരണത്തിനെത്തിയ ഏജന്റുമാരെയും വിതരണക്കാരെയും വിദ്യാർത്ഥികളെയും വരെ തെരുവുനായ്ക്കൾ ആക്രമിച്ചിട്ടുണ്ട്. വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി.
വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ തേവൻപാറ, ഭദ്രംവച്ചപാറ, നാഗര, പുളിച്ചാമല, പരപ്പാറ, ചായം, കൈതക്കുഴി, ചെറ്റച്ചൽ, ആനപ്പാറ, കല്ലാർ, തൊളിക്കോട്, പനയ്ക്കോട്, പറണ്ടോട്, തോട്ടുമുക്ക്, ആനപ്പെട്ടി, പരപ്പാറ, മേഖലകളിൽ തെരുവുനായ്‌ക്കൾ ആടുകളെയും കോഴികളെയും കൊന്നൊടുക്കുന്നതിനാൽ വളർത്താനാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊളിക്കോട്ടും,ആര്യനാട്ടും,വിതുരയിലും കോഴിഫാമുകളിൽ കയറി നൂറുകണക്കിന് കോഴികളെ നായ്ക്കൾ കടിച്ചുകൊന്ന സംഭവവും നടന്നു.
മാലിന്യം തിന്ന് പെറ്റ് പെരുകുന്നു
പൊൻമുടി - വിതുര - നെടുമങ്ങാട് റോഡിന്റെ മിക്ക ഭാഗത്തും വൻതോതിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. ഇറച്ചി വില്പനശാലകളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഏറെയും. ഇവ കഴിക്കാൻ ഇവിടെ തമ്പടിച്ചിരിക്കുന്ന നായ്ക്കൾ റോഡിലൂടെ സഞ്ചരിക്കുന്നവരെ കൂട്ടത്തോടെ ആക്രമിക്കുകയാണ്. രാത്രികാലങ്ങളിൽ പ്രധാന ജംഗ്ഷനുകൾ നായ്ക്കളുടെ നിയന്ത്രണത്തിലാണ്. രാത്രിയിൽ ജംഗ്ഷനുകളിൽ ബസിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ നായ്ക്കളുടെ കടി ഉറപ്പാണ്.