വിതുര: മലയോര മേഖലയിൽ മിക്ക പഞ്ചായത്തുകളിലും വാനരന്മാരുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.തൊളിക്കോട്,ആര്യനാട്, വിതുര,നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലാണ് വാനരന്മാരുടെ വിളയാട്ടം മൂലം ജനം പൊറുതിമുട്ടിയിരിക്കുന്നത്. ഇവറ്റകളുടെ ശല്യം കാരണം പല കർഷകരും കൃഷി ഉപേക്ഷിച്ചു.

വാനരന്മാർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ വിവരണാതീതമാണ്. വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം.ഇവയെ ഓടിക്കാൻ ശ്രമിച്ച നിരവധി പേരെ വാനരന്മാർ തിരിച്ച് അക്രമിക്കുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും പ്രായം ചെന്നവരും എല്ലാം ഇവറ്റകളുടെ ആക്രമം കാരണം പേടിച്ചാണ് വഴി നടക്കുന്നത്.

വനമേഖലയിൽ നിന്നുള്ള കുരങ്ങൻമാരുടെ ശല്യം രൂക്ഷമായിരിക്കേ അനവധി തവണ വിതുര, കല്ലാർ,പൊൻമുടി മേഖലകളിൽ വാഹനങ്ങളിൽ വാനരന്മാരെ കൊണ്ടിറക്കി വിട്ടതായി നാട്ടുകാർ പറയുന്നു. കല്ലാർ പൊൻമുടി റോഡിൽ രാത്രികാലങ്ങളിലാണ് അനവധി തവണ വാനരന്മാരെ കൊണ്ടിറക്കി വിട്ടത്. ഇവ പകൽസമയത്ത് പോലും വീടുകളിൽ കയറി ഭക്ഷ്യവസ്തുക്കൾ മോഷ്ടിക്കുന്നതും പതിവാണ്. പ്രദേശത്തെ റബർ തോട്ടങ്ങളിലാണ് വാനരന്മാരുടെ താമസം.

എതിർത്താൽ ഏറ് ഉറപ്പ്

വാനരന്മാരുടെ ശ്രദ്ധ മുഴുവൻ പ്രദേശത്തെ തെങ്ങുകളിലാണ്. അത്യാവശ്യത്തിന് ദാഹവും വിശപ്പും തീരും. ആരെങ്കിലും ആട്ടിപ്പായിക്കാൻ വന്നാൽ അവരെ എറിഞ്ഞ് വീഴ്ത്തുകയും ചെയ്യാം. ചുരുക്കത്തിൽ പാകമായ തേങ്ങ വെട്ടിയിട്ട് കാലങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. പാകമാകുന്നതിന് മുന്നേ തന്നെ കരിക്കിന്റെ പരുവത്തിൽ വാനരന്മാർ അത് അകത്താക്കും. പച്ചക്കറി കൃഷിയും അന്യമായി ക്കഴിഞ്ഞു. ചക്കയുടെയും മാങ്ങയുടെയും സീസൺ കാത്തിരുന്ന കർഷകർക്ക് അതും തിരിച്ചടിയായി. പൊൻമുടി കല്ലാർ റോഡരികിൽ വാനരന്മാർ തമ്പടിച്ചിട്ട് മാസങ്ങളേറയായി.

കുരങ്ങൻമാർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ

പച്ചക്കറികൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു

ആളില്ലാത്ത വീട്ടിൽ കയറി ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുന്നു

വസ്ത്രങ്ങൾ കീറി നശിപ്പിക്കുക

വാട്ടർടാങ്കുകളിൽ ഇറങ്ങി വിശാലമായ കുളി

എതിർത്താൽ ആക്രമിക്കുക

ശല്യം രൂക്ഷമായ സ്ഥലങ്ങൾ

പൊൻമുടി,കല്ലാർ,ആനപ്പാറ,മൊട്ടമൂട്,ജഴ്സിഫാം,മണിതൂക്കി,മൂന്നാംനമ്പർ,മാതളം,ആനപ്പെട്ടി,മണലയം,തോട്ടുമുക്ക്,കന്നുകാലിവനം.കൊല്ലായിൽ, മടത്തറ, കിളിത്തട്ട്, പുന്നമൺവയൽ, വേളിയങ്കാല, മേലേമുക്ക്, കല്ലടകരിക്കകം, കാരറ, ശിവൻമുക്ക്, വേങ്കാല്ല, അരിപ്പൽ, ചോഴിയക്കോട്, ശാസ്താംനട

ഒപ്പം കാട്ടുമൃഗങ്ങളും

കുരങ്ങുകൾ നാട്ടിലേക്ക് എത്തിയതിന് പുറമേ കാട്ടിൽ നിന്ന് മറ്റ് വന്യമൃഗങ്ങളും നാട്ടിലേക്ക് ചേക്കേറിയിരിക്കുകയാണ്. ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ മിക്ക മേഖലകളിലും കാട്ടാനകളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. കാടിന്റെ വന്യതയും വേനലെടുത്തതോടെ ഭക്ഷണവും വെള്ളവും തേടി ഇവ നാട്ടിലേക്ക് വരികയാണ്. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും തുടങ്ങി നിരവധി വന്യമൃഗങ്ങളാണ് നാട്ടിൽ വിഹരിക്കുന്നത്. പകൽ സമയത്ത് പോലും കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ഭീതി പരത്തുന്നുണ്ട്. ഇവയുടെ ആക്രമണത്തിൽ അനവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിട്ടും ഇതുവരെ നടപടിമാത്രമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം.കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം ലഭ്യമാക്കണം.

എസ്.എസ്.പ്രേംകുമാർ, കർഷകസംഘം തൊളിക്കോട് മേഖലാസെക്രട്ടറി