
വിഴിഞ്ഞം: അടിമലത്തുറ തീരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒമ്പതുപേർക്ക് കടിയേറ്റു. അടിമലത്തുറ സ്വദേശികളായ ജോർജിന (52), ലില്ലി (57), സെൽവൊറി (60) തോമിനി (52) മാർട്ടിൻ (40) ജോസ് (15), ലൂസി (49), പത്രോസ് (33), കിച്ചു (22) എന്നിവർക്കാണ് കാലിൽ പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം.
അടുക്കള ജോലിക്കിടെ പുറത്തിറങ്ങിയപ്പോഴാണ് സ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായത്. ഒരു നായയാണ് എല്ലാവരെയും കടിച്ചത്. നാലുപേർ ജനറൽ ആശുപത്രിയിലും ലൂസി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ള നാലുപേർ പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി.
പഞ്ചായത്ത്
നടപടിയെടുക്കും
തെരുവ് നായ ശല്യം കൂടിയതോടെ നടപടിക്കൊരുങ്ങി കോട്ടുകാൽ ഗ്രാമ പഞ്ചായത്ത്. ഭക്ഷണം കിട്ടാത്തതാണ് ആക്രമണത്തിന് കാരണമാകുന്നതെന്നും കേന്ദ്ര ഏജൻസികൾ, വിവിധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ജെറോം ദാസ് പറഞ്ഞു.
തെരുവ് നായ്‌ക്കൾക്ക് വന്ധ്യംകരണം നടത്തും. വളർത്തുനായ്‌ക്കൾക്കുള്ള വാക്‌സിനേഷൻ നടക്കുകയാണെന്നും ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കി തെരുവ് നായ ശല്യത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.