 ആറുവർഷമായി വാട്ടർഅതോറിട്ടി ജില്ലയിലെ ജലമോഷണം അറിയുന്നില്ല

തിരുവനന്തപുരം: മതിയായ ജീവനക്കാരില്ലാത്തതുകാരണം വാട്ടർ അതോറിട്ടിയിലെ ജലമോഷണം തടയാനുള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവർത്തനം താളംതെറ്റുന്നു. 2016വരെ സജീവമായിരുന്ന സ്‌ക്വാഡ് അതുവരെ 46 ജലമോഷണങ്ങളാണ് കണ്ടെത്തിയത്. എന്നാൽ അതിനുശേഷം ഒരു ജലമോഷണ കേസ് പോലും പിടികൂടാൻ സ്‌ക്വാഡിന് കഴിഞ്ഞിട്ടില്ല.

ജലമോഷണം നടക്കാതെ പോയതാണോ,​ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതാണോ എന്ന് ചോദിച്ചാൽ സ്‌ക്വാഡ് അധികൃതർ കൈമലർത്തും. സംസ്ഥാനത്തെ ജലമോഷണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2007ലാണ് ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചത്.

ജലമോഷണം ഇങ്ങനെ

എയർ വാൽവുകൾ കേടുവരുത്തിയോ മീറ്ററുകളിൽ ക്രമക്കേട് നടത്തിയോ ആണ് പ്രധാനമായും ജലം മോഷ്ടിക്കുന്നത്. തട്ടിപ്പ് കണ്ടെത്തണമെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ട് വാൽവുകൾ പരിശോധിക്കണം. തങ്ങൾക്ക് പരിമിതമായ സൗകര്യങ്ങളേയുള്ളൂവെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ പറയുന്നു. ഉത്പാദിപ്പിക്കുന്ന ജലത്തിന്റെ 45 ശതമാനവും മോഷണത്തിലൂടെയോ ചോർച്ചയിലൂടെ നഷ്ടമാകുന്നുണ്ട്. ദേശീയ ശരാശരി 15 ശതമാനമായിരിക്കുമ്പോഴാണിത്. വാട്ടർ മീറ്ററുകളിലെ സാങ്കേതികപ്പിഴവുകളിലൂടെയുണ്ടാകുന്ന വരുമാനനഷ്ടം വേറെ.

438 കോടി

വാട്ടർ അതോറിട്ടിക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ളത് തിരുവനന്തപുരം ഡിവിഷനിലാണ്. 438 കോടിയാണ് വരുമാനം. ഇത് പൂർണമായും ലഭിക്കാതിരിക്കുമ്പോഴാണ് ജലമോഷണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത്. ജില്ലയിൽ 160 ഉപഭോക്താക്കൾ 30 ലക്ഷം രൂപയാണ് കുടിശികയായി നൽകേണ്ടത്. ഗവ.ലാ കോളേജ്, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ്, അനുബന്ധ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയവ അടക്കം നൂറോളം സ്ഥാപനങ്ങളും കുടിശിക അടയ്‌ക്കാത്തവരുടെ പട്ടികയിലുണ്ട്. സർക്കാർ സ്ഥാപനങ്ങളും വൻകിട സ്വകാര്യ സ്ഥാപനങ്ങളുമായതിനാൽ കുടിശിക അടച്ചില്ലെങ്കിലും കുടിവെള്ളം മുട്ടിക്കില്ലെന്നാണ് ഇവരുടെ നിലപാട്. നോട്ടീസ് അയച്ചാൽ മറുപടി നൽകാൻ പോലും സ്ഥാപനങ്ങൾ തയ്യാറാകാറില്ല. സർക്കാർ കാര്യമല്ലേ മുറപോലെ നടക്കുമെന്ന മട്ടാണ് പലർക്കും. ഇതോടെ തുടർനടപടിയും കടലാസിലൊതുങ്ങും.

സംസ്ഥാനത്തെ ആകെ കണക്ഷനുകൾ​

ഗാർഹിക കണക്ഷനുകൾ: 35.93 ലക്ഷം
ഗാർഹികേതരം: 2 ലക്ഷം