കടയ്ക്കാവൂർ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് പഞ്ചായത്ത് തെരുവ് നായ്ക്കളുടെ വി​ഹാരകേന്ദ്രമാ​യി​ മാറിയിരി​ക്കുകയാണ്. നായ്ക്കളെ പേടി​ച്ച് വീടിന് പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് കഴി​യുന്നി​ല്ല. പകലും രാത്രി​യും ശല്യമുണ്ടെങ്കി​ലും രാത്രിയാണ് ഇവയുടെ ശല്യം കൂടുതൽ.

പല വീടുകളി​ലും കയറി​ ആടുകളെയും കോഴി​കളെയും ആക്രമിച്ചുകൊല്ലുന്നതിനൊപ്പം ആളുകളെയും ആക്രമിക്കുകയാണ്. കാൽനടയാത്രക്കാരെയാണ് കൂട്ടമായി ആക്രമിക്കുന്നത്.

പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പാല് കൊണ്ട് പോകുന്നവർക്കും, പത്ര വിതരണക്കാരും വിദ്യാർത്ഥികളുമാണ് ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവരിൽ ഏറെയും. ഇരുചക്ര വാഹനയാത്രക്കാർക്ക് പിന്നാലെ നായ്‌ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. ഇവയിൽ നിന്ന് രക്ഷപ്പെടാൻ അമിതവേഗതയിൽ വാഹനമോടിക്കുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.

അറവുമാലിന്യങ്ങൾ റോഡരികിൽ വലിച്ചെറിയുന്നതിനാൽ ഇവ തിന്നാനായി തെരുവ് നായ്ക്കൾ ഇവിടെ തമ്പടിക്കുകയാണ്. മാംസാവശിഷ്ടങ്ങൾ കായലിലേക്ക് വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. അവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർക്കും റോഡരികിൽ ഉപേക്ഷിക്കുന്നവർക്കുമെതിരെ ഗുരുതര നടപടിയെടുക്കണമെന്നും, ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും, പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

l