
കല്ലമ്പലം : നാവായിക്കുളം കെട്ടിടംമുക്ക് ആദിൽ മൻസിലിൽ പരേതനായ നാസറിന്റെയും ഷൈലയുടെയും മകൻ ആദിൽമുഹമ്മദ് (20) ഷോക്കേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ജോലിയ്ക്കിടെ കടയ്ക്കൽ വച്ചാണ് ഷോക്കേറ്റത്. കെ.എസ്.ഇ.ബി യുടെ സോളാർ പാനൽ വീടുകളിലും മറ്റും സ്ഥാപിക്കുന്ന ജോലികൾ ഏറ്റെടുത്തു ചെയ്യുന്ന കമ്പനിയിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ വർക്കെടുത്തു ചെയ്യുന്ന സ്ഥാപനത്തിൽ 4 മാസമായി ആദിൽ ജോലിചെയ്തുവരികയായിരുന്നു.പ്ലസ് ടൂ കഴിഞ്ഞ് ഐ .ടി .ഐ യിൽ ചേർന്ന ആദിൽ പരിശീലനം നേടാനാണ് ജോലിക്ക് പോയിയത്. ആദിലിനോപ്പം 3 പേർ ജോലിക്കുണ്ടായിരുന്നു.സോളാർ പാനൽ സ്ഥാപിച്ച ശേഷം വൈദ്യുതി കണക്ഷൻ നൽകുമ്പോൾ കൂടെ ഉണ്ടായിരുന്നവർ ,അബദ്ധത്തിൽ എർത്ത് വയറിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് ഷോക്കേൽക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഷോക്കേറ്റ് തെറിച്ചുവീണ ആദിലിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആദിലിന്റെ പിതാവ് കൊവിഡ് ബാധിച്ച് ഒന്നര വർഷം മുൻപാണ് മരിച്ചത്. സഹോദരൻ അദിനാൻ.