
കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ തോളൂരിന് സമീപം സ്ഥാപിച്ച കാമറകൾ പ്രവർത്തന രഹിതമായതോടെ ഇവിടുത്തെ കൊടും വളവിൽ മാലിന്യം നിക്ഷേപം വീണ്ടും വ്യാപകമായി. ഇവിടെ സ്ഥാപിച്ച കാമറയുടെ പ്രവർത്തനം നിശ്ചലമായതോടെയാണ് മാലിന്യം തള്ളൽ വ്യാപകമായത്. മുൻപ് ഇവിടെ മാലിന്യം തള്ളൽ അതിരൂക്ഷമായതോടെ പഞ്ചായത്ത് ഇടപെട്ട് മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്ത് കാമറയും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.
ഇതോടെ ഇവിടെ മാലിന്യ നിക്ഷേപം പൂർണ്ണമായും നിലച്ചു. എന്നാൽ കാമറകൾ പ്രവർത്തന രഹിതമായതോടെ വീണ്ടും മാലിന്യം നിക്ഷേപ കേന്ദ്രമായി. കൊടും വളവായതിനാൽ ആരുടേയും ഇവിടെ ശ്രദ്ധയിൽപ്പെടുകയുമില്ല. മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും കാമറ പ്രവർത്തന സജ്ജമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.