photo

നാടുനീളെ കുഴിനിറഞ്ഞ റോഡുകളാണ്. മനുഷ്യജീവനെടുക്കാൻ ഈ മരണക്കുഴികൾ വായും തുറന്നിരിക്കുന്നത് കണ്ടിട്ട് യാതൊരു ഭാവഭേദവുമില്ലാത്ത ഭരണാധികാരികൾ എന്ത് സന്ദേശമാണ് നല്കുന്നത്? ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്നൊരു ധ്വനിയുണ്ട് ഈ ഉത്തരവാദിത്തമില്ലായ്‌മയ്‌ക്ക് പിന്നിൽ . കോടതി പോലും വിമർശിച്ചിട്ടും ആർക്കും ഒരു കുലുക്കവുമില്ല. ജനത്തിന്റെ നികുതി പിരിക്കുന്ന സർക്കാരിന് അവരുടെ സഞ്ചാരം സുഗമമാക്കാനുള്ള ഉത്തരവാദിത്വമില്ലേ ? ഓരോ ദിവസവും റോഡുകളിലെ കുഴികളിൽ വീണ് മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും കുടുംബത്തിനുണ്ടാകുന്ന നഷ്‌ടത്തിന് ഭരണാധികാരികൾ മാത്രമാണ് ഉത്തരവാദികൾ.

വേണുഗോപൻ കെ. വി

ആലപ്പുഴ

ട്രെയിനിന് നേരെ

പായുന്ന കല്ലുകൾ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സാമൂഹ്യവിരുദ്ധരുടെ എണ്ണം കൂടിവരികയാണ്. ഈ ക്രൂരന്മാരുടെ അവസാന ഇരയാണ് കോട്ടയം പാമ്പാടി ബി.എം.എം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കീർത്തന. അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് കുട്ടിക്ക് കല്ലേറുകൊണ്ടത്. ട്രെയിനുകൾക്ക് കല്ലെറിയുന്നത് വലിയ വിനോദമായി കരുതുന്ന ഒരു വൻസംഘം തന്നെ ചില പ്രദേശങ്ങളിലുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും കഴിയുന്നില്ല. പൊന്തക്കാടുകളിലും മറ്റും ഒളിഞ്ഞിരിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധന്മാർ കാരണം ട്രെയിൻയാത്ര തന്നെ ഭീഷണിയുടെ നിഴലിലാണ്.

ഇതിനൊരു അറുതിയുണ്ടായേ തീരൂ. റെയിൽപാളങ്ങൾക്കരികിലെ വിജനമായ പ്രദേശങ്ങളിൽ സുരക്ഷാപരിശോധകരെ നിയോഗിക്കുക മാത്രമാണ് പോംവഴി. ഇല്ലെങ്കിൽ മാരകലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന ഈ കാലത്ത് ഇത്തരം ക്രൂരതകൾ ആവർത്തിക്കും.

സുജന കെ.പി

കാസർകോഡ്

അമ്മ മനസുകൾക്ക്

എന്തുപറ്റി ?

അമ്മയുടെ സ്നേഹത്തോളം പോന്ന മറ്റൊന്ന് ഈ ലോകത്തില്ല.

ഏതു കുറ്റവും ക്ഷമിക്കുന്ന കോടതി, കരുതലിന്റെയും വാത്സല്യത്തിന്റെയും നിറകുടം അങ്ങനെ അമ്മമനസിന് വിശേഷണങ്ങൾ ഏറെയാണ്.

പക്ഷേ എവിടെയൊക്കെയോ പിഴയ്ക്കുന്നില്ലേ? അമ്മ മനസിലും കൽമഷം നുരഞ്ഞെത്തുന്നു എന്ന് പഠിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

പ്രസവിച്ച അമ്മ തന്നെ ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ചോ, വെള്ളത്തിൽ മുക്കിയോ, കെട്ടിടത്തിന് മുകളിൽ നിന്നു വലിച്ചെറിഞ്ഞോ വകവരുത്തുന്നു എന്നറിയുമ്പോൾ നടുങ്ങിപ്പോകുന്നില്ലേ? എന്താണ് ഇതിന് കാരണം ? മാനസികമായ വശങ്ങൾ ഇതിനുപിന്നിലുണ്ടെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. അത്തരം താളംതെറ്റലുകൾ കുടുംബാംഗങ്ങളോ പങ്കാളികളോകണ്ടെത്തി അവരെ ചികിത്സിച്ചേ മതിയാകൂ. സ്വാർത്ഥമായ ജീവിതലക്ഷ്യങ്ങളുള്ളവരും ഇത്തരം ക്രൂരതയ്‌ക്ക് മുതിരുന്നു. അതിനെതിരെ ഒരു സമൂഹത്തിന്റെ തന്നെ ഇടപെടലുകളും ബോധവത്കരണവും വേണ്ടിവരും.

വക്കം സുകുമാരൻ

കടയ്ക്കാവൂർ