
ജനിച്ചശേഷം ഏതുനിമിഷവും സംഭവിക്കാവുന്നതാണ് മരണം. അത് വിശ്വാസികൾക്കും യുക്തിവാദികൾക്കും അറിയാവുന്നതാണ്. എന്നാൽ ഗർഭത്തിൽവച്ചുതന്നെ ഈ ദേഹം നഷ്ടപ്പെടാവുന്നതേയുള്ളൂ. ഭൂജാതനാകുംമുമ്പേ അതു സംഭവിക്കാം. ലോകം അതറിയുക കൂടിയില്ല. മാതാവ് മാത്രമേ അതറിയുകയും അനുഭവിക്കുകയുമുള്ളൂ എന്ന് ശ്രീനാരായണ ഗുരുവിന്റെ പിണ്ഡനന്ദിയെന്ന ലഘുകവിതയെ സൂചിപ്പിച്ചുകൊണ്ട് പ്രശസ്ത കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി തുടർന്നപ്പോൾ റിട്ട. അദ്ധ്യാപകനായ രഘുവരൻ അതിശയിച്ചു. പലവട്ടം വായിക്കുകയും ചൊല്ലുകയും ചെയ്ത കവിതയിലെ കേന്ദ്രബിന്ദു യുക്തിവാദിയായ തനിക്കു ഇതുവരെ പിടികിട്ടിയില്ലല്ലോ എന്ന് രഘു പശ്ചാത്തപിച്ചു. ഭൂജാതനാകും വരെ ഇരുട്ടറയിൽ കാത്തുസൂക്ഷിച്ചത് ഈശ്വരനല്ലാതെ മറ്റാര് എന്ന തമ്പിസാറിന്റെ ചോദ്യം കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
സർവൂ എന്ന ഓമനപ്പേരിലുള്ള കൊച്ചുപൂച്ചയാണ് സംഭാഷണം പിണ്ഡനന്ദിയിലെത്തിച്ചത്. സർവൈവ് എന്ന് പേരിട്ട പൂച്ച വളർത്തച്ഛനെ നോക്കുകയും സ്നേഹപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. മഴപെയ്യുന്ന ഒരു സന്ധ്യയ്ക്ക് എവിടെനിന്നോ കയറിവന്ന ഒരു ഗർഭിണിപ്പൂച്ച. പുറത്ത് ഇടിയും മിന്നലും. വന്നുകയറുന്ന പൂച്ചയ്ക്കൊപ്പം ചിലപ്പോൾ സന്തോഷവും ഭാഗ്യവും കാണും. അതിനെ ആട്ടിയോടിക്കരുതെന്ന് കുട്ടിക്കാലത്ത് അമ്മ പറഞ്ഞിട്ടുണ്ട്. അതിനാൽ വാതിലടച്ച് പുറത്താക്കിയില്ല. കവിയല്ലേ അല്പം മനുഷ്യപ്പറ്റ് കാണാതിരിക്കുമോ എന്ന് ഗർഭിണിപ്പൂച്ച മണത്തറിഞ്ഞിരിക്കാം. രഹസ്യമായി അതെവിടെയോ പ്രസവിച്ചു. ദിവസങ്ങൾക്കുശേഷം കിടപ്പറയിൽ നാലു പൂച്ചക്കുട്ടികൾ അന്നും മഴയുണ്ടായിരുന്നു. തള്ളപ്പൂച്ച എങ്ങോട്ടോ പോയി. പിന്നെ വന്നിട്ടില്ല. പൂച്ചയെയും പട്ടിയെയും ഇഷ്ടമില്ലാതിരുന്ന സ്വഭാവം ആ കുരുന്നുകളുടെ വാമൊഴിയും വരമൊഴിയുമൊന്നുമില്ലാത്ത നിലയ്ക്കാത്ത കരച്ചിൽ മാറ്റിയെടുത്തു. അമ്മയുടെ പാലും പരിചരണവുമൊന്നുമില്ലാത്ത ആ കുരുന്നുകൾക്ക് ജീവനുണ്ടെന്നേയുള്ളൂ. മക്കളെ ഉപേക്ഷിച്ച തള്ളപ്പൂച്ചയോട് ആദ്യം കോപം തോന്നി. പിന്നെ എവിടെയോവച്ച് കാർയാത്രയ്ക്കിടെ റോഡരികിൽ ചത്തുകിടക്കുന്ന ഒരു പൂച്ചയെ കണ്ടപ്പോൾ മഴപെയ്യുന്ന സന്ധ്യയും രാത്രിയും ഓർത്തുപോയി. കോപം സഹതാപമായി മാറി. അടുത്ത ദിവസം നാലു പൂച്ചകളെയുംകൊണ്ട് സുഹൃത്തും ആരാധകനുമായ മൃഗഡോക്ടറെ സമീപിച്ചു. അദ്ദേഹം ഒരു തുള്ളി മരുന്ന് മൂന്നു പൂച്ചകൾക്ക് നൽകി. നാലാമത്തെ പൂച്ച അതു കഴിക്കാതെ തുപ്പിക്കളഞ്ഞു. മരുന്ന് താങ്ങാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ടാകാം മൂന്നും ചത്തു. തുപ്പിക്കളഞ്ഞ കുസൃതിയാണ് സർവു. ജീവന്റെ നിലനില്പ് അങ്ങനെയാണ്. ഹ്രസ്വായുസാണെങ്കിലും മരിച്ചുപോയ മകന്റെ സ്നേഹവും കുസൃതികളും ഈ പൂച്ചയിൽ ഞാൻ ദർശിക്കുന്നു- തമ്പിസാർപറഞ്ഞു.
രണ്ടാഴ്ച മദ്രാസിൽ മാറിനിൽക്കേണ്ടിവന്നു. സർവുവിന് ഒരു കുറവും വരാതിരിക്കാനുള്ള എല്ലാ ഏർപ്പാടും ചെയ്തിരുന്നു. ഫോൺ ചെയ്യുമ്പോൾ സഹായിയോട് സർവുവിന്റെ വിശേഷങ്ങളും ചോദിക്കും. എയർപോർട്ടിൽ നിന്ന് വീട്ടിലെത്തുമ്പോൾ സഹായിക്കും മുന്നാലെ വരവേൽക്കാൻ നിൽക്കുന്നു പൂച്ച. പക്ഷേ മുഖത്തൊരു വെട്ടമില്ല. സ്നേഹത്തോടെ വാരിയെടുത്തപ്പോൾ അനുസരണയുള്ള കുട്ടിയെപ്പോലെ മാറോട് ചേർന്നിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ മനഃപൂർവം ഓടിവന്നു കൈയിലൊരു കടി. വേദനിച്ചില്ല. മുറിഞ്ഞില്ല. ലക്ഷണം നോക്കിയ ഡോക്ടർ പറഞ്ഞു: ഇതു പരിഭവ പ്രകടനമാണ്. സാരമാക്കാനില്ല. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ സ്നേഹഭാഷയോ ആത്മാവിന്റെ പരിഭാഷയോ ആർക്കറിയാം. തമ്പിസാർ വിഷാദത്തോടെ ചിരിച്ചു.
(ഫോൺ: 99461088220)