
മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട മണപ്പുറം-കുരുവിൻമുകൾറോഡ് അപകടക്കെണിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. വീതി കുറവായ റോഡിന് ഇരുവശത്തും പാഴ്ച്ചെടികൾ വളർന്നിറങ്ങിയും വശങ്ങൾ ഇടിഞ്ഞും കിടക്കുന്നതിനാൽ യാത്രക്കാർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. റോഡ് ആരംഭിക്കുന്ന എള്ളുവിള ഭാഗത്ത് നിന്നും കുത്തിറക്കമായതിനാൽ അപകടം പതിവാണിവിടെ. അടുത്തിടെ മിൽക്ക്‌വാൻ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്ത് വീടിന്റെ മതിലിൽ ഇടിച്ച് നിന്നതിനാൽ ദുരന്തം ഒഴിവായിരുന്നു. റോഡ് സൈഡിൽ അനധികൃത വാഹന പാർക്കിംഗ്, തടികൾ കൊണ്ട് ഇട്ടിരിക്കുന്നതും അപകടത്തിന് കാരണമാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബഡ്സ് സ്കൂൾ, ഗവ.ആയുർവേദ ആശുപത്രി, ഹൈസ്കൂൾ എന്നിവയും ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. പാൽ സൊസൈറ്റിയും സ്ഥിതിചെയ്യുന്ന മണപ്പുറം, കുവിൻമുകൾ പാലത്തിന് സമീപവും റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി തീർന്നതിനാൽ ഇതുവഴിയുള്ള കാൽനട പോലും ദുസഹമാണ്. റോഡിന്റെ മെറ്റലുകൾ ഇളകി മാറിയതിനാൽ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.
വൻകുഴികൾ
റോഡ് ആരംഭിക്കുന്നിടത്ത് അല്പം തകർന്നും മുന്നോട്ട് പോകുംതോറും കുഴികളുടെ വലിപ്പവും കൂടും. കുഴികൾ ഏറെയുള്ള ഭാഗത്തകൂടി വഴിനടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ ശോചനീയാവസ്ഥകാരണം ഈ വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസും വെട്ടിക്കുറച്ചു. മണപ്പുറം-കുരുവിൻമുകൾ സർക്കുലർ ബസ് സർവീസ് വല്ലപ്പോഴുമേ സർവീസ് നടത്താറുള്ളൂ.
യാത്ര പരിതാപകരം
ഈ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കളിന് മുന്നിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് താഴ്ന്ന് പാഴ്ച്ചെടികൾ വളർന്ന് കിടക്കുന്നത് കാരണം സ്കൂൾ സമയങ്ങളിൽ യാത്രക്കാർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥകാരണം കാൽനട യാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. മഴക്കാലമായാൽ മണപ്പുറം ഇളമൺ മഠത്തിന് സമീപം റോഡാകെ ആറ് പോലെയാകും. ദിവസങ്ങൾ കഴിഞ്ഞാലും വെള്ളമിറങ്ങാറില്ല. മണപ്പുറം -കുരുവിൻമുകൾ റോഡിലൂടെ മച്ചേൽ, വലിയറത്തല ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗമായതിനാൽ നിത്യവും നിരവധി പേരാണ് വാഹനങ്ങളിൽ ഇതുവഴി കടന്നുപോകുന്നത്.
ആയിരക്കണക്കിന് കുടുംബങ്ങൾ ഈ റോഡിന് ഇരുവശത്തുമായി കഴിയുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നന്നേ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്. 2015-16 ലാണ് ഈ റോഡ് അവസാനമായി ടാറിംഗ് നടത്തിയത്. റോഡ് വീതികൂട്ടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളും വിവിധ യുവജന, സന്നദ്ധ സംഘടനകളും നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. രണ്ടര കിലോ മീറ്റർ ദൂരം വരുന്ന ഈ റോഡ് അടിയന്തരമായി ടാറിംഗ് നടത്തി നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.