school

തിരുവനന്തപുരം:ഓണപ്പരീക്ഷയെന്ന കടമ്പ ഇന്നലെ കഴിഞ്ഞതോടെ പല സ്കൂളുകളും ഇന്ന് ഓണാഘോഷത്തിന്റെ തിരക്കിലാണ്.4,000 കുട്ടികൾക്ക് മെഗാസദ്യയൊരുക്കിയാണ് കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണം ആഘോഷിക്കുന്നത്.കലവറ നിറയ്ക്കൽ പരിപാടിയിലൂടെ കുട്ടികൾ സ്‌കൂളിൽ സമാഹരിച്ച വിഭവങ്ങളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും കൊണ്ടാണ് ഓണസദ്യയൊരുക്കുന്നത്. കുട്ടികൾക്കൊപ്പമിരുന്ന് ഓണസദ്യ കഴിക്കാനായി മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണിരാജു,ജി.ആർ.അനിൽ എന്നിവർ ഇന്ന് 11.30ന് സ്കൂളിലെത്തും.ഓണത്തിന്റെ സന്ദേശം കുട്ടികളിലൂടെ എല്ലാ വീടുകളിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് സ്‌കൂൾ ഓണാഘോഷ പരിപാടിക്ക് നേതൃത്വം നൽകുന്നത്.ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് രാവിലെ 8.30ന് അത്തപ്പൂക്കളമിടൽ ആരംഭിക്കും. 101 അത്തപ്പൂക്കളങ്ങളാണ് സ്‌കൂളിൽ തയ്യാറാക്കുന്നത്.9 മുതൽ 11 വരെ കുട്ടികളുടെ സ്റ്റേജ് പരിപാടികളും ഉച്ചയ്ക്ക് രണ്ടുമണി മുതൽ കായിക വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കലവറ നിറയ്ക്കൽ കൗൺസിലർ രാഖി രവികുമാർ ഓണത്തിനാവശ്യമായ ഒരു മുറം പച്ചക്കറി എസ്.എം.സി ചെയർമാൻ ആർ.പ്രദീപിന് നൽകി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഇൻ ചാർജ് ഇ.ആർ.ഫാമില,പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് പി.ആർ.ഷാമി,എസ്.എം.സി അംഗങ്ങളായ റഷീദ് ആനപ്പുറം, അസീസ്,ഓണാഘോഷകമ്മിറ്റി ജനറൽ കൺവീനർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. പട്ടം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മെഗാ അത്തപ്പൂക്കളമിട്ടാണ് കുട്ടികളും അദ്ധ്യാപകരും ഓണത്തെ വരവേൽക്കുന്നത്. അത്തപ്പൂക്കളത്തിന് ചുറ്റുമായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയുമുണ്ട്.എല്ലാ ഡിപ്പാർട്ടുമെന്റുകൾക്ക് മുന്നിലും കുട്ടികൾക്കായി ഊഞ്ഞാലുകളും റെഡിയാണ്.സ്കൂളിലെ ഓണാഘോഷത്തിന് അതിഥിയായെത്തുന്നത് പൂർവ വിദ്യാർത്ഥിനി കൂടിയായ സീരിയൽ താരം പാർവതിയാണ്.ഇത്തരത്തിൽ പല തരത്തിലുള്ള ഓണാഘോഷങ്ങളാൽ നഗരത്തിലെ ഭൂരിപക്ഷം സ്കൂളുകളും ഓണലഹരിയിൽ മുങ്ങും. വൈകിട്ടോടെ ഓണാവധിക്കായി സ്കൂളുകളടയ്ക്കും. ചുരുക്കം ചില സ്കൂളുകൾ ഓണപ്പരീക്ഷ തുടങ്ങും മുൻപു തന്നെ ഓണാഘോഷം നടത്തി.11 വരെയാണ് ഓണാവധി.12ന് വീണ്ടും സ്കൂൾ തുറക്കും.