
തിരുവനന്തപുരം: പുനഃപ്രഖ്യാപനം നടത്താൻ കഴിയാതെ റദ്ദായിപ്പോയ 12 ഓർഡിനൻസുകൾക്ക് പകരമുള്ള 11 ബില്ലുകൾ പാസാക്കി ഏഴു നാളത്തെ നിയമസഭാ സമ്മേളനം ഇന്നലെ സമാപിച്ചു. ഒരു ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു. ഒരു ബിൽ പിൻവലിച്ചു. നിയമ നിർമ്മാണത്തിന് മാത്രമായി ഈ വർഷം ഒരു തവണ കൂടി സഭ ചേരുമെന്ന് സ്പീക്കർ അറിയിച്ചു.
ഈ സമ്മേളന കാലത്ത് ചട്ടം 50 പ്രകാരമുള്ള 6 നോട്ടീസുകളാണ് വന്നത്. 12 ശ്രദ്ധക്ഷണിക്കലുകളും 81 സബ്മിഷനുകളും പരിഗണിച്ചു.ആകെ 2516 ചോദ്യങ്ങളെത്തി. ഇതിൽ 454 ചോദ്യങ്ങൾക്ക് മറുപടി ലഭ്യമായില്ല. ഗതാഗതം,ആരോഗ്യം,പൊതുമരാമത്ത്, തുടങ്ങി ഏതാനും വകുപ്പുകൾ ഒഴികെ മറ്റെല്ലാ മന്ത്രിമാരും ചോദ്യങ്ങൾക്കെല്ലാം
മറുപടി ലഭ്യമാക്കിയതും ബില്ലിന്റെ ചർച്ച വിഷയത്തിൽ ഒതുങ്ങിനിന്ന് പൂർത്തിയാക്കിയതും മാതൃകപരമാണെന്ന് സ്പീക്കർ പറഞ്ഞു. അനൗദ്യോഗിക കാര്യങ്ങൾക്ക് സമയം നൽകാനായില്ല.7 ദിവസങ്ങളിലായി 47 മണിക്കൂർ 15 മിനിറ്റ് സഭ യോഗം ചേർന്നതിൽ 25 മണിക്കൂർ 15 മിനിറ്റ് നിയമ നിർമ്മാണത്തിനാണ് വിനിയോഗിച്ചത്. രണ്ടു മണിക്കൂർ സമയമെടുത്താണ് ബില്ലുകൾ പാസാക്കിയത്.