thiruvananthapuram-corpor

തിരുവനന്തപുരം: എൽ.ഡി.എഫ് വികസന ജാഥയ്‌ക്കിടെ വ‍ഞ്ചിയൂരിലുണ്ടായ സി.പി.എം -ബി.ജെ.പി സംഘർഷം,​ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം,​ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീട് ആക്രമണം എന്നിവയെച്ചൊല്ലി നഗരസഭാ കൗൺസിലിൽ ഭരണപ്രതിപക്ഷ തർക്കം. എൽ.ഡി.എഫ് ജാഥ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമമെന്നും സ്ത്രീകൾക്കെതിരെ ബി.ജെ.പി കൗൺസിലർമാർ അധിക്ഷേപം ഉയർത്തുന്ന രീതി പിൻവലിക്കണമെന്നും എൽ.ഡി.എഫ് കൗൺസിലർ രാഖി രവികുമാർ ആവശ്യപ്പെട്ടു. എൽ.ഡി.എഫിന്റെ അഴിമതി മറച്ചുവയ്ക്കാനാണ് ബി.ജെ.പിയുടെ മേൽ പഴിചാരി രക്ഷപ്പെടുന്നതെന്നും വഞ്ചിയൂരിലെ സംഭവത്തിൽ അറസ്റ്രുചെയ്ത പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചത് സി.പി.എമ്മിന്റെ കള്ളപ്രചാരണം പൊളിക്കുന്നതാണെന്നും ബി.ജെ.പി കൗൺസിലർ എം.ആർ. ഗോപൻ പറഞ്ഞു. ബി.ജെ.പി അധിക്ഷേപം നിരവധി തവണ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ മറുപടി നൽകി. നഗരസഭാ ജനകീയാസൂത്രണ വിഭാഗം വാർഷിക പദ്ധതി 2022- 23 വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അർഹരായ ഗുണഭോക്താക്കളുടെ വാർഡ് കമ്മിറ്റികൾ അംഗീകരിച്ച് സമർപ്പിച്ച പട്ടികയും നഗരസഭ അംഗീകരിച്ചു.

 വിഴിഞ്ഞം സമരത്തെ ചൊല്ലി

യു.ഡി.എഫ് കൗൺസിലർമാരുടെ തർക്കം

വിഴിഞ്ഞം സമരത്തെ ചൊല്ലി കൗൺസിലിൽ യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. യു.ഡി.എഫിന്റെ മുല്ലൂർ വാർഡ് കൗൺസിലർ സി. ഓമനയും സമരത്തെ അനുകൂലിക്കുന്ന കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പവുമാണ് മുന്നണി നോക്കാതെ ഏറ്റുമുട്ടിയത്. തന്റെ വാർഡിൽ പ്രതിഷേധം കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും പ്രതിഷേധക്കാർ ഒഴിഞ്ഞുപോകണമെന്നും ഓമന ആവശ്യപ്പെട്ടു. അനാവശ്യകാര്യമാണ് കൗൺസിലർ ഓമന ഉന്നയിക്കുന്നതെന്ന് മേരി പുഷ്പം പറഞ്ഞു. വിഴിഞ്ഞം തുറമുഖം പദ്ധതിയെ അനുകൂലിക്കുന്ന ഇടതുപക്ഷവും ബി.ജെ.പിയും പരോക്ഷത്തിൽ മുല്ലൂർ വാ‌ർഡ് കൗൺസിലർക്കൊപ്പം നിന്നു. തുടർന്ന് മേയർ ഇടപെട്ട് തർക്കം അവസാനിപ്പിച്ചു.

 31 താത്കാലിക ജീവനക്കാരുടെ കാലാവധി നീട്ടി

നഗരസഭയിൽ 31 താത്കാലിക ജീവനക്കാരുടെ കാലാവധി ഒരു വർ‌ഷം കൂടി ദീർഘിപ്പിച്ചു. വിവിധ സോണലുകളിൽ അക്കൗണ്ട്സ്,​ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി,​ മേയർ സെക്ഷൻ,​ റവന്യു വിഭാഗം,​ പമ്പ് ഓപ്പറേറ്റർ,​ ഐ.ടി ഓഫീസർ,​ പ്ളാനിംഗ് സെക്ഷൻ എന്നീ തസ്തികയിലുള്ളവരുടെ കാലാവധിയാണ് ദീ‍ർഘിപ്പിച്ചത്. കാലാവധി ദീർഘിപ്പിച്ച് അഞ്ചുവർഷത്തിന് മുകളിൽ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനെതിരെ ആക്ഷേപവും ഉയരുന്നുണ്ട്.