sep01b

ആറ്റിങ്ങൽ: കായികരംഗത്ത് കേരളം വലിയ കുതിച്ചു ചാട്ടത്തിന് തയ്യാറെടുത്തു കഴിഞ്ഞതായി സ്പോർട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കേരള സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം അന്താരാഷ്ട്ര സ്റ്റേഡിയമാകുന്നതിന്റെ ഭാഗമായുള്ള സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കായിക രംഗത്ത് ന്യൂതന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1200 കോടി രൂപ ചെലവിട്ട് ജില്ലാ ആസ്ഥാനങ്ങളിലെല്ലാം സ്റ്റേഡിയം പണി നടന്നുവരികയാണ്. കൂടാതെ പഞ്ചായത്തുതലത്തിൽ കളിക്കളങ്ങൾ നിർമ്മിക്കാനായി 112 കോടി അനുവദിച്ചുകഴിഞ്ഞു. യൂണിവേഴ്സിറ്റി തലത്തിൽ കായിക വിഷയത്തിൽ ഡിഗ്രി കോഴ്സ് നടക്കുന്നതിന് അനുബന്ധമായി സ്കൂൾ പാഠ്യ പദ്ധതിയിൽ കായികം ഒരു വിഷയമാക്കാനുള്ള തീരുമാനവും സർക്കാർ എടുത്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങൾ നാട്ടിലെ ആളുകൾക്കുകൂടി ഉപയോഗപ്രദമായ തരത്തിൽ മാറ്റാനുള്ള പദ്ധതികൾ സ്പോർട്സ് കൗൺസിൽ തയ്യാറാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി,​ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,​ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ,​ സെക്രട്ടറി അജിത് ദാസ്.എ,​ കായിക വകുപ്പ് കാര്യാലയം ഡയറക്ടർ പ്രേംകൃഷ്ണൻ,​ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്,​ നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള,​ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ,​ വാർജ് കൗൺസിലർ സുധർമ്മ,​ സി.എസ്. ജയചന്ദ്രൻ,​ തോട്ടയ്ക്കാട് ശശി,​ കോരാണി സനിൽ,​ കെ.എസ്. ബാബു,​ സുധീർ കെ.എസ് എന്നിവർ സംസാരിച്ചു.