amit-shah-

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം ഒരുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഹിളാ മോർച്ച പ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേർ അമിത് ഷായെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തും. നാളെ രാവിലെ 10.30ന് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ ബി.ജെ.പി പട്ടികജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും. അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മറ്റുപരിപാടികൾ ഉണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പാർട്ടിയുടെ പരിപാടികളായി വിമാനത്താവളത്തിലെ സ്വീകരണവും പട്ടികജാതി സംഗമവുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും വി.വി. രാജേഷ് പറഞ്ഞു.