
വിഴിഞ്ഞം: തുറമുഖ സമരത്തിനിടെ സംഘർഷാവസ്ഥ. 10 ലക്ഷത്തിലധികം വില വരുന്ന ഡ്രോൺ തകർത്തു. ബാരിക്കേഡ് മറികടന്നു വന്ന സമരക്കാർ പൊലീസുകാരുടെ താത്കാലിക ഷെഡ് മറിച്ചിടാൻ ശ്രമിച്ചു. ഡ്രോണിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നതിനിടെ പിടിക്കാൻ ശ്രമിച്ച സമരക്കാരിലൊരാളുടെ കൈയ്ക്ക് പരിക്കുപറ്റി. ഡ്രോണിന്റെ ചിറക് തട്ടിയാണ് പരിക്ക്.
ബാരിക്കേഡ് മറിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഉന്തിലും തള്ളിലും സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. മുതിർന്ന വൈദികർ ഇടപെട്ട് സമരക്കാരെ ശാന്തരാക്കി. പ്രധാന ഗേറ്റിന് സമീപം വച്ചാണ് പൊലീസിന്റെ ഡ്രോൺ കാമറ നിയന്ത്രണം വിട്ട് താഴ്ന്നു പറന്നത്.
സമരക്കാരിലൊരാൾ പിടിക്കാൻ ശ്രമിക്കവെയാണ് പരിക്ക് പറ്റിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ പുല്ലുവിള സ്വദേശി ഇരയിമ്മൻതുറ പുരയിടത്തിൽ കുഞ്ഞുമോൻ (30) ചികിത്സ തേടി.
നിർമ്മാണക്കരാറുകാരുമായി ബന്ധപ്പെട്ട ഡോണായിരുന്നു ഇതെന്നും തങ്ങളുടെ ഇടയിലേക്ക് മനപ്പൂർവം താഴ്ത്തുകയായിരുന്നെന്നും സമരക്കാർ ആരോപിച്ചു.എന്നാൽ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരവുമായി മുന്നോട്ടുപോകുമെന്നും കോടതി വിധി പരിശോധിച്ച് തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും സമര വേദി മാറ്റില്ലെന്നും സമരസമിതി ജനറൽ കൺവീനറുമായ യൂജിൻ എച്ച്.പെരേര പറഞ്ഞു.