
തിരുവനന്തപുരം: 17 വർഷമായി ഹോമിൽ കഴിയുന്ന കൊല്ലം സ്വദേശിനി ചാന്ദിനി വിവാഹിതയായി. പേരൂർക്കട ഹാർവിപുരം (കെ.പി 11/94)ൽ ശ്യാംകുട്ടിയുടെയും ശോഭനയുടെയും മകൻ സാജനാണ് വരൻ.ബോർഡ് ഡിസൈൻ സ്ഥാപനം നടത്തുകയാണ് സാജൻ. കൊല്ലം മീയന്നൂർ സ്വദേശി ചന്ദ്രികയുടെയും പരേതനായ പ്രസാദിന്റെയും മകളാണ് ചാന്ദിനി.അസുഖബാധിതയായ ചന്ദ്രിക ബന്ധുവിനൊപ്പമാണ് താമസം.ഭർത്താവ് പ്രസാദ് മൂന്ന് വർഷം മുമ്പ് മരിച്ചു. ബിരുദധാരിയായ ചാന്ദിനി ഹോമിലെ അന്തേവാസികളെ തയ്യൽ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. സഹോദരി സിന്ധുരിയും ശ്രീചിത്രാ ഹോമിലാണ്.നവദമ്പതികൾക്ക് പങ്കജകസ്തൂരി ഡയറക്ടർ ഡോ. ഹരീന്ദ്രനാഥ് ഒരു പവൻ സ്വർണവും ചാലയിലെ അരി വ്യാപാരിയായ പോൾ രാജ് ആൻഡ് സൺസ് ഉടമ പോൾ രാജ് 1.25 ലക്ഷം രൂപയും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി കല്യാണസാരിയും സമ്മാനമായി നൽകി.പഴവങ്ങാടി ഗണപതി ക്ഷേത്ര ട്രസ്റ്റ് നൽകിയ 10,000 രൂപ ഉപയോഗിച്ച് തയ്യൽ മെഷീനും വാങ്ങി നൽകി. വി.കെ. പ്രശാന്ത് എം.എൽ.എ വധൂവരന്മാരുടെ കൈപിടിച്ചു കൊടുത്തു. ശ്രീചിത്രാ ഹോം സൂപ്രണ്ട് വി. ബിന്ദു, മന്ത്രി വീണാജോർജിന്റെ പ്രൈവറ്റ് സെക്രട്ടറി എസ്. ശ്യാംശങ്കർ, സി. ഡബ്ളിയു. സി ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം,  പാൽക്കുളങ്ങര കൗൺസിലർ പി. അശോക് കുമാർ, സൂര്യ കൃഷ്‌ണമൂർത്തി. ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ രാജേന്ദ്രൻ നായർ, മുൻ മേയർ ചന്ദ്രിക തുടങ്ങിയവർ പങ്കെടുത്തു.