
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ജന്മദിനം വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇന്ന് എസ്.എൻ.ഡി.പി യോഗം വടുവൊത്ത് ശാഖാമന്ദിരത്തിൽ വിവിധ പരിപാടികളോട് കൂടി ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന ജന്മദിന സമ്മേളനം മന്ത്രി ആന്റണിരാജു ഉദ്ഘാടനം ചെയ്യും. ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. എം.വിൻസെന്റ് എം.എൽ.എ ജന്മദിന കേക്ക് മുറിക്കും. തുടർന്ന് ഒാണക്കോടി വിതരണവും ഭക്ഷ്യധാന്യക്കിറ്റ് വിതരണവും, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ നിർവഹിക്കും.
യോഗത്തിൽ വച്ച് വിദ്യാഭ്യാസ മേഖലയിൽ നടത്തിവരുന്ന മികച്ച പ്രവർത്തനത്തിനുള്ള വെള്ളാപ്പള്ളി ചാരിറ്റി സെന്റർ പുരസ്കാരം എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവും ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയുമായ അജി എസ്.ആർ.എമ്മിന് മന്ത്രി ആന്റണി രാജു നൽകി ആദരിക്കും. പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ ഭാരവാഹികളായ ആലുവിള അജിത്ത്, ചേന്തി അനിൽ, കടകംപള്ളി സനൽ, ചാരിറ്റി സെന്റർ ഭാരവാഹികളായ വി.ഗിരി ഒറ്റിയിൽ, വി.വിശ്വലാൽ, എസ്.സത്യരാജ്,എം.എൽ. ഉഷാരാജ്, ബീന ജയൻ, വടുവൊത്ത് ശാഖാ സെക്രട്ടറി എൻ. വിശ്വനാഥൻ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി ജി. സുരേന്ദ്രനാഥൻ അറിയിച്ചു.