
തിരുവനന്തപുരം: ലോട്ടറി വാങ്ങിയ പണം ചോദിച്ചതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പനവിള രാജാജി നഗറിൽ ഹൗസിംഗ് ബോർഡ്, ഫ്ലാറ്റ് നമ്പർ 339ൽ നിന്നമ പള്ളിച്ചൽ ട്രിനിറ്റി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന രഞ്ചുവാണ് (33) അറസ്റ്റിലായത്. വിളപ്പിൽ പൊറ്റയിൽ കൊമ്പേറ്റി ആമ്പാടി ഭവനിൽ ആമ്പാടിയെ (49) കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 31നായിരുന്നു സംഭവം. ആമ്പാടിയുടെ കൈയിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ നൽകാനുള്ള 15000 രൂപ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നരുവാമൂട് സി.ഐ ധനപാലനും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.