
തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നഗരം ദീപാലംകൃതമാക്കിയതോടെ കവടിയാർ കൊട്ടാരം മുതൽ മണക്കാട് വരെ നഗരം ദീപപ്രഭയിൽ മുങ്ങി. വിവിധ വർണങ്ങളിലുള്ള ദീപവിതാനത്തിനൊപ്പം ഓണാശംസകൾ ചൊരിഞ്ഞും മാവേലി മന്നനെ വരവേറ്റുമുള്ള കമനീയരൂപങ്ങൾ നഗരം നയനമനോഹരമാക്കി.സ്വിച്ച്ഓൺ കർമ്മം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ഉത്സവമേഖലയായി പ്രഖ്യാപിച്ച കവടിയാർ കൊട്ടാരം മുതൽ മണക്കാട് വരെയുള്ള പ്രദേശത്താണ് ദീപക്കാഴ്ചകൾ പതിവെങ്കിലും ഇത്തവണ മണക്കാടു നിന്ന് കോവളം ഭാഗത്തേക്ക് ദീപാലങ്കാരങ്ങൾ നീട്ടാനാണ് സാദ്ധ്യത. ഓണം വാരാഘോഷ പരിപാടികൾ സെപ്തംബർ ആറിനാണ് ആരംഭിക്കുന്നതെങ്കിലും ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനവുമായി ബന്ധപ്പെട്ടാണ് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നേരത്തെയാക്കിയത്.ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയുള്ള പാതയും കോവളവും ഇത്തവണ ദീപാലംകൃതമായി.
കനകക്കുന്നിൽ നടന്ന സ്വിച്ച് ഓൺ ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ ആന്റണി രാജു,ജി.ആർ.അനിൽ, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, വി.കെ.പ്രശാന്ത് എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,കൗൺസിലർ റീന.കെ.എസ്,വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി.ബി.നൂഹ് എന്നിവർ പങ്കെടുത്തു.