
പോത്തൻകോട് : നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആത്മീയ ദർശനം ഇന്നത്തെ തലമുറയ്ക്ക് മാത്രമല്ല വരുംതലമുറകൾക്ക് കൂടിയുള്ളതാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ചിന്തകൾ ഒരു പ്രത്യേക തരത്തിൽ സമൂഹത്തെ വാർത്തെടുക്കാനാണെന്നും അതിന്റെ അടിത്തറ ആത്മീയതയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വിശിഷ്ടാതിഥിയായി. ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർനാന്റോ എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ നവപൂജിതം സുവനീറിന്റെ പ്രകാശനം നിർവഹിച്ചു.ഗുരുധർമ്മ പ്രകാശസഭ അംഗങ്ങൾ ചേർന്ന് ഗോവ ഗവർണറെയും ശ്രീലങ്കൻ മന്ത്രിയെയും എം.എ.യൂസഫലിയെയും ഉപഹാരം നൽകി ആദരിച്ചു.ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി എന്നിവർ പങ്കെടുത്തു. കേരള പൊലീസ് സേനയിൽ 35 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കിയ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ബി.സന്ധ്യയ്ക്ക് നവപൂജിതം വേദിയിൽ പ്രത്യേക ആദരവ് നൽകി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ.പദ്മകുമാർ,സിന്ദുരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.അനിൽ, ഡോ.കെ.ഓമനക്കുട്ടി, ഡോ.എം.കമലലക്ഷ്മി എന്നിവർ പങ്കെടുത്തു. ഇന്റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി സ്വാഗതവും ഹെൽത്ത്കെയർ വിഭാഗം പേട്രൺ ഡോ.കെ.എൻ.ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.