aruninte-veettilethiyappo

കല്ലമ്പലം: മാവേലി മന്നനൊപ്പം തന്റെ സഹപാഠികളും വീട്ടിലെത്തിയപ്പോൾ അരുണിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. സ്ഥിരമായി സ്കൂളിൽ എത്താൻ സാധിക്കാത്ത ഭിന്നശേഷിക്കാരനായ ആറാം ക്ലാസ്‌ വിദ്യാർത്ഥി അരുണിനെ ഇന്നലെ സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുപ്പിക്കാനായാണ് ചങ്ങാതിക്കൂട്ടം ഓണക്കോടിയുമായി വീട്ടിലെത്തിയത്.

അരുണിനെ സ്കൂളിലെത്തിച്ചപ്പോൾ വെള്ളല്ലൂർ വിവേകോദയം യു.പി സ്കൂളിന്റെ ഓണാഘോഷത്തിന് പൊലിമയേറി. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ എസ്.കെ.സുനി അദ്ധ്യക്ഷനായി. സ്കൂൾ പ്രഥമാദ്ധ്യാപിക ഒ.ആശാദേവി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ബി.എസ്.അനിലാൽ നന്ദിയും പറഞ്ഞു. ബി.ആർ.സി ട്രെയിനർ ടി.വിനോദ് പ്രവർത്തന വിശദീകരണം നടത്തി.

ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലി യൂണിറ്റ് അരുണിനെ ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തിക്കുന്ന പ്രവർത്തനം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. അതിന് വേണ്ട സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു മഹിളാ അസോസിയേഷൻ പ്രവർത്തകരായ ഷീല ബി.എസ്, സിന്ധു.എസ് എന്നിവർ സ്കൂൾ പ്രഥമാദ്ധ്യാപികയ്ക്ക് കൈമാറി.