
തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായ ശേഷമാണ് ആരാധകർ പോലും വിവരം അറിയുന്നത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മി ആണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണ്. തിരുപ്പതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
ആദ്യ വിവാഹത്തിൽ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്. എന്നും ഞങ്ങൾ പ്രണയത്തിലിരിക്കുമെന്നാണ് ആരാധകരോട് മഹാലക്ഷ്മി പറയുന്നത്.
വി.ജെ. മഹാലക്ഷ്മി എന്നാണ് ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നത്. ടെലിവിഷൻ പരിപാടികളുടെ അവതാരകയായി ശ്രദ്ധ നേടിയ മഹാലക്ഷ്മി പിന്നീട് സീരിയലുകളിൽ അഭിനയിച്ചു. തമിഴകത്ത് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സീരിയൽ താരമാണ്. യാമിരുക്ക ഭയമേൻ, അരസി, ചെല്ലമേ, വാണി റാണി തുടങ്ങിയവയാണ് ശ്രദ്ധേയ സീരിയലുകൾ.
തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷൻസിന്റെ ഉടമസ്ഥനാണ് രവീന്ദർ. സുട്ട കഥൈ, നളനും നന്ദിനിയും ,നട്പെന്നാ എന്നാന്ന് തെരിയുമാ എന്നിവയാണ് രവീന്ദർ നിർമ്മിച്ച ചിത്രങ്ങൾ.