cng

തിരുവനന്തപുരം: ജില്ലയിൽ കംപ്രസ്ഡ് നാച്ച്വറൽ ഗ്യാസിന്റെ (സി.എൻ.ജി) ക്ഷാമം രൂക്ഷമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ. അടിക്കടി ഉയരുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനയെ മറികടക്കാനെന്ന നിലയിൽ നിരവധിപേർ സി.എൻ.ജിയിലേക്ക് മാറിയിരുന്നു. എന്നാൽ ഒരു മാസത്തോളമായി ജില്ലയിലെ സി.എൻ.ജി പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. ജില്ലയിൽ 4 സി.എൻ.ജി പമ്പുകൾ ഉണ്ടെങ്കിലും ഇവിടങ്ങളിൽ മതിയായ ഇന്ധനം ലഭ്യമല്ല. കൊച്ചുവേളിയിൽ നിർമ്മാണം പുരോഗമിക്കുന്ന സിറ്റി ഗ്യാസ് പ്ലാന്റ് പൂർത്തിയായാലുടൻ ഇന്ധനക്ഷാമത്തിന് പരിഹാരമാകുമെന്നാണ് സി.എൻ.ജി ഇന്ധനം ലഭ്യമാക്കുന്ന എ.ജി ആൻഡ് പി പ്രഥം അധികൃതർ പറയുന്നത്.

മണിക്കൂറുകൾ നീണ്ട ക്യൂ; സവാരി മുടങ്ങി ഓട്ടോ തൊഴിലാളികൾ
വഴയില, കാഞ്ഞിരംപാറ, ഈഞ്ചയ്ക്കൽ, ആനയറ എന്നിവിടങ്ങളിലായി 4 സി.എൻ.ജി പമ്പുകൾ ഉണ്ടെങ്കിലും ആനയറ, കാഞ്ഞിരംപാറ എന്നിവിടങ്ങളിലെ പമ്പുകളിൽ മാത്രമാണ് നിലവിൽ സി.എൻ.ജി ലഭ്യമായുള്ളത്. അതിനാൽ ഇവിടെ മണിക്കൂറുകളോളം ക്യൂ നിന്നാണ് സി.എൻ.ജി വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത്. കിലോമീറ്ററുകൾ താണ്ടിയാണ് ഇന്ധനം നിറയ്ക്കാൻ ഓട്ടോറിക്ഷ തൊഴിലാളികൾ ഇവിടെയെത്തുന്നത്. എന്നാലും നീണ്ട ക്യൂ ഇവരുടെ ഓട്ടം മുടക്കും. നാലര കിലോ സി.എൻ.ജി കപ്പാസിറ്റിയും രണ്ടര ലിറ്റർ പെട്രോൾ കപ്പാസിറ്റിയും സി.എൻ.ജി ഓട്ടോയിലുണ്ട്. സി.എൻ.ജി തീർന്നാൽ കുറച്ചുദൂരം പെട്രോളിൽ ഓടാമെങ്കിലും ലാഭം സി.എൻ.ജി തന്നെയെന്നാണ് ഇവർ പറയുന്നത്. ഒരുതവണ ഫുൾ ടാങ്ക് സി.എൻ.ജി നിറച്ചാൽ രണ്ടുദിവസം ഓടാമെന്നതും സി.എൻ.ജിയെ പ്രിയങ്കരമാക്കുന്നു. കൂടുതൽ പമ്പുകൾ നഗരത്തിന്റെ പലയിടങ്ങളിലായി സ്ഥാപിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

പ്രശ്നപരിഹാരം ഉടൻ
കൊച്ചിയിലെ ഫില്ലിംഗ് സ്‌റ്റേഷനിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് സി.എൻ.ജി ഇന്ധനം എത്തിക്കുന്നത്. എന്നാൽ ഇവിടെനിന്ന് സി.എൻ.ജി ശേഖരിക്കുന്ന ഔട്ട്ലെറ്റുകളുടെ എണ്ണം കൂടിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചുവേളിയിൽ നിർമ്മാണം പുരോഗമിക്കുന്ന സിറ്റി ഗ്യാസ് പ്ലാന്റ് പൂർത്തിയായാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അധികൃതർ പറയുന്നു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി സി.എൻ.ജി സ്റ്റേഷനുകളുടെ എണ്ണം 47ആയി വർദ്ധിപ്പിക്കാനാണ് എ.ജി ആൻഡ് പി പ്രഥം കമ്പനിയുടെ തീരുമാനം.