
തിരുവനന്തപുരം:മൂന്നാം നില കയറി വന്ന മാവേലിയെയും കൂട്ടുകാരെയും കണ്ട് ശ്രീവരാഹം തെക്കേ മാമ്പഴവീട്ടിലെ 103കാരി മാധവിക്കുട്ടിഅമ്മ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. കൈയിലുള്ള മധുരം കുട്ടിക്കൂട്ടങ്ങൾക്ക് പങ്കുവച്ചു.ശ്രീവരാഹം ഗവൺമെന്റ് യു.പി സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് മധുരതരമായ കാഴ്ചകൾക്ക് ഇടമൊരുങ്ങിയത്. താഴെയിറങ്ങാൻ കഴിയാത്ത മാധവി മുത്തശ്ശിക്കായി ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയുടെ സമാപനം മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. വാമനന് മുത്തം നൽകിയും നൃത്തച്ചുവടുകൾക്ക് താളം പിടിച്ചും മുത്തശ്ശി കുട്ടികൾക്കൊപ്പം കൂടി. മരുമകൾ ഓമനയ്‌ക്കൊപ്പം ശ്രീവരാഹം സ്‌കൂളിനടുത്താണ് മാധവിക്കുട്ടി താമസിക്കുന്നത്. കുട്ടികളെ കാണാൻ നേരത്തേതന്നെ പുതുവസ്ത്രവുമണിഞ്ഞ് മുത്തശ്ശി കാത്തിരുന്നു. മാവേലിയും വാമനനും സമ്മാനങ്ങളും ഓണക്കോടിയും മുത്തശ്ശിക്ക് നൽകി.രാജഭരണവും ബ്രിട്ടീഷ് ആധിപത്യവും സ്വാതന്ത്ര്യ സമരവുമെല്ലാം കണ്ടറിഞ്ഞ മുത്തശ്ശി, കുട്ടികളുമായി ഓണത്തിന്റെ ഓർമ്മകൾ പങ്കുവച്ചു.തിരുവാതിരയും കുമ്മാട്ടിയുമെല്ലാം മുത്തശ്ശിക്കായി അരങ്ങേറി.പത്താം ക്ലാസ് വരെ പഠിച്ച മുത്തശ്ശിക്ക് ഇപ്പോഴും പത്രപാരായണത്തിന് യാതൊരു തടസവുമില്ല.സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടികളിൽ വാർഡ് കൗൺസിലർ കെ.കെ. സുരേഷ്,ഹെഡ്മിസ്ട്രസ് അജിത സി. പി ,ബി.പി.സി ബിജു ,സി ആർ.സി കോ ഓർഡിനേറ്റർ പ്രതിഭ തുടങ്ങിയവർ പങ്കെടുത്തു.