protest

ചിറയിൻകീഴ്: വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ച റോഡിൽ പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു. പെരുങ്ങുഴി നാലുമുക്ക് ജംഗ്ഷനിലെ വാട്ടർ അതോറിട്ടി കുഴിയിലാണ് തെങ്ങിൻ തൈ നട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

അഴൂർ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ജലവിതരണം തുടങ്ങുമ്പോൾ പൈപ്പ് പൊട്ടലും ആരംഭിക്കും. ഇത്തരത്തിൽ പി.ഡബ്ലിയു.ഡി റോഡുകളിലും പഞ്ചായത്ത് റോഡുകളിലും നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പണി പൂർത്തിയായാലും പൊളിച്ച കുഴികൾ മൂടാത്തതിലാണ് പ്രതിഷേധം ശക്തമായത്.

ഓണക്കാലത്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക, വാട്ടർ അതോറിട്ടി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ് അദ്ധ്യക്ഷത വഹിച്ചു. ജി.സുരേന്ദ്രൻ, വി.കെ.ശശിധരൻ, അഴൂർ വിജയൻ, ബിജു ശ്രീധർ, കെ.ഓമന, മാടൻവിള നൗഷാദ്, എ.ആർ.നിസാർ, സോമശേഖരൻ നായർ, എസ്.ജി. അനിൽകുമാർ, രാജൻ കൃഷ്ണപുരം, റഷീദ് റാവുത്തർ, പ്രവീണ എന്നിവർ നേതൃത്വം നൽകി.