തിരുവനന്തപുരം: ഓണത്തെ വരവേൽക്കാനൊരുങ്ങി പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കര. അരുവിക്കര പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികൾ 6ന് തുടങ്ങും. ജി. സ്റ്റീഫൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. അരുവിക്കര ഡാം സൈറ്റിലാണ് ഓണാഘോഷമേള. ഡാം സൈറ്റും പരിസര പ്രദേശങ്ങളും വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കും. സ്വിച്ച് ഓൺ കർമ്മവും ഉദ്ഘാടന ദിവസം നടക്കും. സർക്കാർ ,അർദ്ധസർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, നഴ്‌സറികൾ, കുടുംബശ്രീ എന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയുടെ ഭാഗമായുണ്ടാകും,​ 55 വിപണന സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കുടുംബശ്രീയുടെ സ്റ്റാളുകൾ ഉൾപ്പെടെ വിവിധ സംരംഭകരുടെ ഫുഡ് കോർട്ടും പ്രവർത്തിക്കും. കുട്ടികളുടെ വിനോദത്തിനായി അമ്യൂസ്‌മെന്റ് പാർക്ക്, മ്യൂസിക് ഫൗണ്ടൻ എന്നിവയും മേളയിലുണ്ടാകും. ദിവസവും വൈകിട്ട് സംഗീത - നൃത്ത പരിപാടികൾ,നാടൻ കലാരൂപങ്ങൾ എന്നിവ അരങ്ങേറുമെന്ന് അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പറഞ്ഞു.