തിരുവനന്തപുരം: 6 മുതൽ 12വരെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് വൈകിട്ട് 7ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.ആൻസലൻ, വി.കെ.പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയാണ് ട്രേഡ് ഫെയറിന്റെ പ്രധാന ആകർഷണം. കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷൻ ഗ്രൗണ്ടിൽ രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കലാപരിപാടികളും നഗരത്തിലെ വൈദ്യുത ദീപാലങ്കാരവും കാണാനെത്തുന്നവരെ ആകർഷിക്കുന്ന വിധമാണ് ട്രേഡ് ഫെയർ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ കനക്കുന്നിലെ നാലോളം വേദികളിൽ വിവിധ കലാപരിപാടികളും അരങ്ങേറും.