
ബാലരാമപുരം: ഓണക്കാലത്ത് ബാലരാമപുരത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും ജനത്തിരക്കും കണക്കിലെടുത്ത് ഗതാഗതം പരിഷ്കരിക്കാൻ നടപടി. ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അധികമായി ഇരുപത് പൊലീസുകാരേയും ഡ്യൂട്ടിക്ക് നിയോഗിക്കും. വിഴിഞ്ഞം റോഡിൽ ഹൗസിംഗ് ബോർഡിന് സമീപവും, തിരുവനന്തപുരം റോഡിൽ കൊടിനട ജംഗ്ഷനും, നെയ്യാറ്റിൻകര റോഡിൽ വൈദ്യൂതി ബോർഡിന് സമീപവും, കാട്ടാക്കട റോഡിൽ പഞ്ചായത്ത് ഓഫീസ് പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാമൊരുക്കിയിട്ടുണ്ട്. ബാലരാമപുരത്ത് എത്തുന്നവർ പാർക്കിംഗ് ഏരിയാ വിനിയോഗിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. ഓണക്കാലത്ത് മദ്യപിച്ചും ലഹരി ഉപയോഗിച്ചും പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നവരെ കരുതൽ കസ്റ്റയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. ബീറ്റ് പെട്രോളിംഗിന്റെ ഭാഗമായി പകലും രാത്രിയിലുമായി പ്രത്യേക പൊലീസിനേയും ഏർപ്പെടുത്തിയിട്ടുണ്ട്. അമിതതിരക്ക് അനുഭവപ്പെടുന്ന കൈത്തറിത്തെരുവിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കും. സർവ്വീസിനെ ബാധിക്കുമെന്ന കാരണത്താൽ ഓട്ടോ-ടാക്സി എന്നിവയുടെ പരിഷ്കാരത്തിന് തീരുമാനമായിട്ടില്ല. ഓണത്തിരക്ക് നിയന്ത്രിക്കാൻ അധികഡ്യൂട്ടിയിലെത്തുന്ന പൊലീസിന്റെ അംഗബലം ഇരുപതിൽ നിന്നും നാൽപ്പത് ആക്കണമെന്ന് ബാലരാമപുരം പഞ്ചായത്തും വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ജനത്തിരക്കിന്റെ തോത് മനസ്സിലാക്കി ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനം കൈക്കൊള്ളുമെന്നും ബാലരാമപുരം എസ്.എച്ച്.ഒ ബിജുകുമാർ പറഞ്ഞു.