
വിഴിഞ്ഞം: ഹൈക്കോടതി വിധി ലംഘിച്ച് ഇന്നലെയും തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് പ്രതിഷേധക്കാർ തള്ളിക്കയറിയത് സംഘർഷത്തിനിടയാക്കി. ബാരിക്കേഡുകൾ മറിച്ചിട്ട സമരക്കാരും പൊലീസും തമ്മിൽ ആരംഭിച്ച വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. വിഴിഞ്ഞത്തുനിന്ന് രണ്ടുകിലോമീറ്റർ മാറിയുള്ള സമരപ്പന്തലിലേക്ക് റോഡ് മാർഗം വന്ന മത്സ്യത്തൊഴിലാളികൾ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകളും യുവാക്കളുമടങ്ങുന്ന മറ്റൊരുസംഘം തുറമുഖനിർമ്മാണ മേഖലയായ കരിമ്പള്ളിക്കര വഴി പന്തലിൽ എത്തി പൊലീസിനെ വളയുകയായിരുന്നു. ഇരുവശത്തുനിന്നുമുള്ള മത്സ്യത്തൊഴിലാളികളുടെ ബലപ്രയോഗത്തിൽ അഞ്ചോളം പൊലീസുകാർക്കും നിരവധി സമരക്കാർക്കും പരിക്കേറ്റു.