mb-rajesh-and-a-n-shamsee
mb rajesh and a n shamseer

എം.പിയായും സ്പീക്കറായുമുള്ള മികവ് രാജേഷിനെ തുണച്ചു

തിരുവനന്തപുരം: രണ്ടുതവണ ലോക്‌സഭാ എം.പിയായും ചുരുങ്ങിയ കാലം നിയമസഭാ സ്പീക്കറായും പക്വതയോടെ പ്രവർത്തിച്ച എം.ബി. രാജേഷ് സർക്കാരിന് മുതൽക്കൂട്ടാകുമെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയുള്ള അഴിച്ചുപണിക്ക് സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചത്. സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദന്റെ പകരക്കാരൻ പക്വമതിയായ പാർലമെന്റേറിയൻ ആവണമെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തി.

എം.വി. ഗോവിന്ദൻ രാജിവയ്ക്കുമ്പോൾ കണ്ണൂർ ജില്ലയ്‌ക്കുണ്ടാവുന്ന നഷ്ടം സ്പീക്കർ സ്ഥാനത്തിലൂടെ നികത്തണമെന്ന നിലപാട് എ.എൻ. ഷംസീറിന് അനുകൂലഘടകമായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള സംസ്ഥാനകമ്മിറ്റി അംഗം ഷംസീറാണ്. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ ഉണ്ടെങ്കിലും മുൻമന്ത്രിമാരെ പരിഗണിക്കേണ്ടെന്ന നിലപാടിൽ മാറ്റം വേണ്ടെന്ന് സി.പി.എം ചിന്തിച്ചു. ആദ്യതവണ എം.എൽ.എ ആയവർ മന്ത്രിസഭയിൽ എത്തിയപ്പോൾ രണ്ടാം തവണ എം.എൽ.എ ആയ ഷംസീറിനെ ഇപ്പോഴെങ്കിലും പരിഗണിക്കണമെന്ന വിലയിരുത്തലുമുണ്ടായി. അനാരോഗ്യത്താൽ സെക്രട്ടറിപദം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ ഉറ്റ അനുയായിയാണ് ഷംസീർ. കോടിയേരിയുടെ അഭിപ്രായവും നിർണായകമായി.

രാജേഷ് കൂടി എത്തുമ്പോൾ എം.പിമാരായി ശോഭിച്ച മൂന്ന് പേരാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗങ്ങളാകുന്നത്. പി. രാജീവും കെ.എൻ. ബാലഗോപാലുമാണ് മറ്റ് രണ്ടുപേർ. ഇരുവരും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളാണ്. പാർലമെന്റിൽ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള രാജീവാണ് ഇപ്പോൾ നിയമസഭയിൽ ഭരണകക്ഷിയുടെ വാദമുഖങ്ങൾ ഏറ്റവും ശക്തമായി ഉന്നയിക്കുന്നത്. രാജേഷിന്റെ വരവ് മന്ത്രിസഭയുടെ യുവത്വത്തിന് കരുത്ത് കൂട്ടും.

മന്ത്രിമാരുടെ പ്രവർത്തനം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ആഴ്ചകൾക്ക് മുമ്പാണ് സി.പി.എം നേതൃയോഗം വിലയിരുത്തിയത്. അതിനിടയിൽ അപ്രതീക്ഷിതമായി എം.വി. ഗോവിന്ദൻ സംഘടനാനേതൃത്വത്തിലേക്ക് മാറി. ഈ ഘട്ടത്തിൽ അനിവാര്യമായ അഴിച്ചുപണി നടത്തുമ്പോൾ ഗൗരവം ചോർന്നുപോകരുതെന്ന് സി.പി.എം ചിന്തിച്ചു. വലിയ അഴിച്ചുപണിയിലേക്ക് കടക്കാതെ എം.ബി. രാജേഷിലൂടെ അത് സാധിച്ചു.