തിരുവനന്തപുരം: ദക്ഷിണ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് വ്യോമഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ അഞ്ചിന അജണ്ട നടപ്പിലാക്കണമെന്ന് അദാനി ഗ്രൂപ്പ് ഫിനാൻസ് വൈസ് പ്രസിഡന്റ് ജീത് അദാനി പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ട്രിവാൻഡ്രം എയർലൈൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യോമയാന മേഖലയിൽ കൈവരുന്ന പുരോഗതി ബിസിനസ്, സംരംഭകത്വം, നിക്ഷേപം, കയറ്റുമതി, ടൂറിസം തുടങ്ങിയ മേഖലകളുടെ വികസനവും സാദ്ധ്യമാക്കും. ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തിൽ ഇന്നുതന്നെ നിക്ഷേപം നടത്തുകയെന്നതാണ് അദാനി ഗ്രൂപ്പിന്റെ നയം. ദശലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം അനുബന്ധ മേഖലകളുടെ പുരോഗതിക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.