
തിരുവനന്തപുരം: കേന്ദ്ര ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സർട്ടിഫിക്കറ്റ് ഇല്ലാതെ റാബിസ് വാക്സിനും റാബിസ് ഇമ്മ്യൂണോഗ്ലോബുലിനും സംസ്ഥാനത്ത് വിതരണം ചെയ്തിട്ടില്ലെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) മാനേജിംഗ് ഡയറക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. ആശുപത്രികൾ തയ്യാറാക്കുന്ന വാർഷിക ഇൻഡന്റ് സംസ്ഥാന തലത്തിൽ ക്രോഡീകരിച്ച് ടെൻഡർ ക്ഷണിച്ചാണ് കോർപ്പറേഷൻ എല്ലാ വർഷവും വാക്സിനുകൾ സംഭരിക്കുന്നത്. ഉല്പാദകർ സമർപ്പിക്കുന്ന കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് സംഭരണശാലകൾക്ക് നൽകുന്നതെന്നും എം.ഡി പറഞ്ഞു.