
മുടപുരം: ടാറും മെറ്റലുമിളകി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മുട്ടപ്പലം കലുങ്ക് - മുക്കോണി റോഡ് (അയ്യപ്പൻ റോഡ്) റീ ടാർചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ. അഴൂർ ഗ്രാമപഞ്ചായത്തിലെ അഴൂർ - ശാസ്തവട്ടം റോഡിൽ മുട്ടപ്പലം ആൽത്തറമൂട് കലുങ്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മഞ്ചാടിമൂട് - കോളിച്ചിറ റോഡിലെ മുക്കോണി ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്.
മുക്കോണി തോടിന്റെ ഒരുവശത്തെ നടപ്പാതയാണ് പിന്നെ റോഡായി മാറിയത്. ഇപ്പോൾ ടാറിട്ട റോഡായി മാറി. ഇടയിലത്ത് ദേവീ ക്ഷേത്രത്തിനു മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
നിരവധി പേർ ഉപയോഗിക്കുന്ന ഈ റോഡ് പുനരുദ്ധരിക്കാത്തതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. റോഡ് ടീ ടാർ ചെയ്യാൻ ജനപ്രതിനിധികൾ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ റോഡിന്റെ അവസ്ഥ
ഏഴ് വർഷം മുൻപ് ടാർ ചെയ്ത ഈ റോഡിന്റെ പല ഭാഗത്തെയും ടാറും മെറ്റലുമിളകി ഗട്ടറുകൾ ഉണ്ടായിട്ടുണ്ട്. മഴപെയ്താൽ ഈ കുഴികൾ വെള്ളക്കെട്ടായി മാറും. പിന്നെ ഇതുവഴി വാഹന - കാൽനട യാത്ര ദുരന്തമായി മാറും. നിരവധി വർഷങ്ങളായി റോഡ് ഈ ദുരിതാവസ്ഥയിലാണ്.
നിരവധി പേർ ആശ്രയിക്കുന്ന റോഡ്
ക്ഷേത്രത്തിൽ വരുന്നവർക്കും മുട്ടപ്പലം മാർക്കറ്റിൽ പോകുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതും, കോളിച്ചിറ, ചേമ്പുംമൂല,മുടപുരം തുടങ്ങി വിവിധ പ്രദേശത്തുള്ളവർക്ക് പെരുങ്ങുഴിയിലും, പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ പോകുന്നതിനും ഈ റോഡ് ദൂരം കുറഞ്ഞ വഴിയാണ്. അതിനാൽ വിവിധ പ്രദേശത്തുള്ളവർ ഈ റോഡിനെ ആശ്രയിക്കുന്നു.