നെയ്യാറ്റിൻകര: ഓണത്തിനോടനുബന്ധിച്ചുണ്ടാകുന്ന തിരക്ക് പരിഗണിച്ച് നെയ്യാറ്റിൻകര പൊലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ടൗണിൽ ഗതാഗതനിയന്ത്രണമുണ്ടാകും. പാറശാലയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ഭാരം കയറ്റിയതും അല്ലാത്തതുമായ ലോറികളും മറ്റ് കൊമേഴ്സ്യൽ വാഹനങ്ങളും ഉദിയൻകുളങ്ങര ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വട്ടവിള - പിരായുംമൂട് - ഓലത്താന്നി വഴി ബൈപ്പാസ് റോഡ് വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകണം. തിരുവനന്തപുരത്ത് നിന്ന് പാറശാലയിലേക്ക് വരുന്ന വാഹനങ്ങൾ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷൻ തിരിഞ്ഞ് ആശുപത്രി ജംഗ്ഷൻ - റെയിൽവേ പാലത്ത് നിന്ന് തിരിഞ്ഞ് ഇരുമ്പിൽ - മാരായമുട്ടം - കണ്ണംകുഴി -അമരവിള വഴി പാറശാലയിൽ പ്രവേശിക്കണം. നെയ്യാറ്റിൻകര ടൗണിലെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ കൃഷ്ണണൻകോവിൽ ജംഗ്ഷന് സമീപം ശബരീനാഥ് ജ്വല്ലറിക്ക് എതിർവശം നഗരസഭ ഏർപ്പെടുത്തിയിരിക്കുന്ന പാ‌ർക്കിംഗ് ഏരിയയിലും കെ.എസ്.ആർ.ടി.സിക്ക് എതിരെയുള്ള അക്ഷയ കോംപ്ലക്സ്, വിശ്വഭാരതി റോഡ്, ടി.ബി ജംഗ്ഷനിലെ ശുഭ തീയറ്ററിന് സമീപമുള്ള പാർക്കിംഗ് ഏരിയ എന്നിവിടങ്ങിൽ പാർക്ക് ചെയ്യണം. നെയ്യാർ മേളയ്ക്കെത്തുന്നവർ വാഹനങ്ങൾ ആറാലുംമൂട് ചന്തയ്ക്കുള്ളിൽ നഗരസഭ ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് ഏരിയ ഉപയോഗിക്കേണ്ടതാണ്. ദേശീയപാതയോരങ്ങളിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ലെന്നും ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.