കല്ലമ്പലം: കൊവിഡിന്റെ ഭീതി മാറിയതോടെ മാവേലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പൂക്കളുടെ വിലക്കയറ്റവും നാടൻ പൂക്കളുടെ ക്ഷാമവും തോരാതെ പെയ്യുന്ന മഴയും മൂലം അത്തപ്പൂക്കളം പലയിടത്തും പേരിനുമാത്രമായെങ്കിലും ഉത്രാടം, തിരുവോണം നാളുകളിലെ അത്തപ്പൂക്കളം ഉഷാറാക്കാൻ പൂക്കൾ ശേഖരിക്കുന്ന തിരക്കിലാണ് കൊച്ചു കുരുന്നുകൾ. മുതിർന്നവരാകട്ടെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ വീടുകളിലെത്തിക്കാനുള്ള നെട്ടോട്ടത്തിലും. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് പേടിയിലും നിയന്ത്രണങ്ങളിലും പെട്ട് അന്ത്യശ്വാസം വലിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളിൽ വ്യാപാരം ഇത്തവണ തകൃതിയായി നടക്കുന്നുണ്ട്. രാത്രി വൈകിയും വ്യാപാരം പൊടിപൊടിക്കുന്നുണ്ട്.
വില്ലനായി മഴ
ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ വ്യാപാരത്തെയും ഓണാഘോഷത്തെയും ചെറുതായി ബാധിക്കുന്നുണ്ട്. വഴിയോരക്കച്ചവടക്കാരാണ് ഇതിൽ ഏറെയും. കൂടെക്കൂടെ മഴപെയ്യുമ്പോൾ തങ്ങളുടെ കച്ചവട വസ്തു മഴനനയാതിരിക്കാനുള്ള പെടാപ്പാടിലാണിവർ.
നിറയെ ഓഫറുകൾ
പ്രതികൂല സാഹചര്യത്തിലും ഓണത്തെ വരവേൽക്കാൻ വസ്ത്ര വ്യാപാര ശാലകൾ തയ്യാറായി ക്കഴിഞ്ഞു. നിരവധി ഓഫറുകളുമായി കടകളും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളും വ്യത്യസ്തമായ ഓണം സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യപാരികൾ.
സന്തോഷത്തിന്റെയും ആർപ്പുവിളികളുടെയും ഓണം
സന്തോഷത്തിന്റെയും ആർപ്പുവിളികളുടെയും ഓണം ഉറങ്ങിക്കിടന്ന വ്യാപാര മേഖലയെ ഉണർത്തി. കഴിഞ്ഞ രണ്ട് വർഷമായി കാണാത്ത തിരക്കാണ് ഇത്തവണ വ്യാപാര സ്ഥാപനങ്ങളിൽ കാണുന്നത്. കൊവിഡ് ഭീതി അകന്നതാണ് മുഖ്യകാരണം. വിദ്യാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും കഴിഞ്ഞദിവസം ഓണാഘോഷം പൊടിപൊടിച്ചു. ഓണക്കാലത്തെ വ്യത്യസ്തമാക്കാൻ നവമാദ്ധ്യമങ്ങളും ഇത്തവണ മുന്നിലാണ്.
ഓണക്കളിയും തുടങ്ങി
കല്ലമ്പലം മേഖലകളിൽ ഓണക്കളികൾക്ക് തുടക്കമായി. കരടികളി, കസേരകളി, മുളയിൽകയറ്റം, ഉറിയടി തുടങ്ങി വിവിധയിനം കളികളാണ് നടക്കുന്നത്. വ്യത്യസ്തയിനം കളികളിലൂടെ ഓണത്തിന്റെ പൊലിമ കൂട്ടാൻ ശ്രമിക്കുകയാണ് വിവിധ സംഘടനകൾ. കല്ലമ്പലം കൈരളി മൈതാനത്ത് കരവാരം പഞ്ചായത്തിന്റെ ഓണം ഫെസ്റ്റിന് വിവിധ കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.