 സർവീസ് നിറുത്തിയത് കൊവിഡിന് മുമ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. കൊവിഡിന് മുമ്പ് നിലച്ച സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള യാതൊരു നീക്കവും വിമാനക്കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നിലവിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകണമെങ്കിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി 3 മണിക്കൂർ റോഡ് മാർഗം സഞ്ചരിക്കണം. മുമ്പ് തിരുവനന്തപുരം- കോഴിക്കോട്- ഷാർജ വിമാന സർവീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിറുത്തി. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന 40 ശതമാനം പേരും കോഴിക്കോട്,​ മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ്. നേരിട്ടുള്ള സർവീസ് ഇല്ലാത്തതിനാൽ കണ്ണൂരിലെത്തിയ ശേഷമാണ് ഇവർ തലസ്ഥാനത്തേക്ക് പറക്കുന്നത്. അല്ലെങ്കിൽ ട്രെയിനിനെ ആശ്രയിക്കണം. കഴിഞ്ഞ ദിവസം ട്രിവാൻഡ്രം എയർലൈൻസ് സമ്മിറ്റിൽ പങ്കെടുക്കവെ സർവീസ് പുനഃരാരംഭിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി പി.എ. മുഹമ്മദ് റിയാസും ചൂണ്ടിക്കാട്ടിയിരുന്നു.

 ഇൻഡിഗോയ്ക്ക് ആശങ്ക,​ എയർ ഇന്ത്യ

എക്‌സ്‌പ്രസിന് റീപെർമിഷൻ

കേരളത്തിലെ വ്യോമയാന ഷെയറിന്റെ 75 ശതമാനവും കൈയാളുന്നത് ഇൻഡിഗോയാണ്. ഫ്ളൈറ്റുകൾ കൂട്ടുന്നതോടെ ഷെയർ 90 ശതമാനമാകും. ഇതോടെ കുത്തക കമ്പനിയെന്ന പേര് വരുമോയെന്നതാണ് ഇൻഡിഗോയുടെ ആശങ്ക. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് പിന്നാലെ ഫ്ളൈറ്റുകൾ എല്ലാം റീപെർമിഷനായി പോയിരിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ ഫ്ലൈറ്റുകൾ തിരിച്ചെത്തുമെന്നും അപ്പോൾ ഇത് ആലോചിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്.

 മുൻകൈയെടുത്ത് ടി.സി.സി.ഐ

തിരുവനന്തപുരം- കോഴിക്കോട് വിമാന സർവീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ഇൻഡിഗോ,​ എയർഇന്ത്യ എക്‌സ്‌പ്രസ് പ്രതിനിധികളുമായി ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടി.സി.സി.ഐ)​ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ച നടത്തി. തിരുവനന്തപുരം- കോഴിക്കോട്- മംഗലാപുരം,​ തിരുവനന്തപുരം -കോയമ്പത്തൂർ,​ തിരുവനന്തപുരം- മധുരൈ -ബംഗളൂരു എന്നീ സർവീസുകൾ നടത്തണമെന്നാണ് ടി.സി.സി.ഐ ആവശ്യപ്പെട്ടത്. സർവീസുകൾ നടത്തേണ്ടതിന്റെ സാഹചര്യവും ആവശ്യങ്ങളും വ്യക്തമാക്കി പ്രൊപ്പോസൽ സമർപ്പിക്കാൻ ടി.സി.സി.ഐയോട് വിമാനക്കമ്പനികൾ നിർദ്ദേശിച്ചിട്ടുണ്ട്.

 തിരുവനന്തപുരം- കോഴിക്കോട് വിമാന സർവീസ് മലബാറിലെ ടൂറിസം വികസനത്തിന് അത്യന്താപേക്ഷിതമാണ്.

പി.എ. മുഹമ്മദ് റിയാസ്,​

ടൂറിസം മന്ത്രി