കാട്ടാക്കട:അത്തപ്പൂക്കള മത്സരവും,വഞ്ചിപ്പാട്ടും,ഊഞ്ഞാൽ പാട്ടും, വിവിധ കലാപരിപാടികളും ഒക്കെയായി ഇത്തവണ ഓണാഘോഷം പൊടിപൂരമായിട്ടാണ് സ്കൂളുകളിൽ ആഘോഷിച്ചത്.കൊറോണ നിയന്ത്രണങ്ങളിൽ മാസ്‌ക്കും സാനീട്ടൈസരും കയ്യുറകളും ഒക്കെയായി അകലങ്ങളിൽ ആയിരുന്ന കഴിഞ്ഞ കാല ഓണങ്ങളിൽ നിന്നും ഇത്തവണ തീർത്തും പഴയകാല ഓണാഘോഷം തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും.മാവേലിയും വാമനനും, മലയാളി മങ്കമാരും, മന്നന്മാരും ഒക്കെയായി ഒരുങ്ങിയ കുരുന്നുകൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷങ്ങൾക്കും കലാപരിപാടികൾക്കും ശേഷം എല്ലാ സ്കൂളുകളിലും ഓണസദ്യയും ഒരുക്കിയിരുന്നു.അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഒക്കെ പങ്കാളികളായ മെഗാ തിരുവാതിരകളും വിവിധ സ്കൂളുകളിൽ നടന്നു.കാട്ടാക്കട പ്ലാവൂർ ഹയർ സെക്കൻഡറി സ്കൂൾ,കുളത്തുമ്മൽ എൽ.പി സ്കൂൾ,കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ,പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ,പൂവച്ചൽ സ്കൂൾ,വെള്ളനാട് ജി.കാർ തികേയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ,കാട്ടാക്കട ചിന്മയ വിദ്യാലയ, ന്യൂയോ ഡെയിൽ,ഡെയിൽവ്യൂ തുടങ്ങി സ്കൂളുകളിലും ഇത്തവണ ആഘോഷ പരിപാടികൾ കെങ്കേമായി നടത്തി.പൂവച്ചൽ കാട്ടാക്കട,കുറ്റിച്ചൽ പഞ്ചായത്തുകളെ കൂടാതെ മലയിൻകീഴ്,കള്ളിക്കാട് ആര്യനാട്,വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിലും ഓണാഘോഷം വിപുലമായി ആചരിച്ചു.കോട്ടൂർ അഗസ്ത്യ കുടീരം ബാലികാ ബാലിക സദനത്തിൽ നടന്ന ഓണാഘോഷവും ഓണസദ്യയും കലാപരിപാടികളും ഓണക്കോടി വിതരണവും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു.കുറ്റിച്ചൽ എസ്.ജി സ്‌പെഷ്യൽ സ്‌കൂളിൽ ഓണാഘോഷവും കലാപരിപാടികളും ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ജി. അരുൺ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.