
തിരുവനന്തപുരം: വിഷരഹിത ഭക്ഷണത്തിനായി കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നാടെങ്ങും സ്ഥിരം കർഷക ചന്തകൾ സ്ഥാപിക്കുമെന്ന് മന്ത്രി പി .പ്രസാദ് പറഞ്ഞു. ഓണസമൃദ്ധി 2022 കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം ഹോർട്ടികോർപ്പ് വിപണിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.
കാർഷിക വികസന ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ്, വി എഫ് പി സി കെ എന്നിവയുടെ നേതൃത്വത്തിൽ 2010 കർഷക ചന്തകൾ ആണ് സെപ്തംബർ 4 മുതൽ 7 വരെ സംസ്ഥാനത്തെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്.10,000 കൃഷിക്കൂട്ടങ്ങൾ ലക്ഷ്യമിട്ടിടത്ത് ഇരുപത്തയ്യായിരം കൃഷിക്കൂട്ടുങ്ങൾ രൂപീകരിച്ചു. ഓണ വിപണികളിൽ പഴം പച്ചക്കറികൾ 10 മുതൽ 20% വരെ അധിക വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച് 10 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
കർഷകനായ മധുസൂദനനും സുജിത്തും സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ ഉൽപ്പന്നങ്ങൾ മന്ത്രി ശിവൻകുട്ടിക്ക് കൈമാറി ആദ്യ വില്പന നടത്തി .
കൃഷി സെക്രട്ടറി ഡോ.ബി.അശോക്, കൃഷി ഡയറക്ടർ ടി.വി സുഭാഷ്,വാർഡ് കൗൺസിലർ പാളയം രാജൻ,വി.എഫ്.പി.സി.കെ സി.ഇ.ഒ ശിവ രാമകൃഷ്ണൻ, ഹോർട്ടികോർപ്പ് എം.ഡി ജെ. സജീവ്, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.