
ചിറയിൻകീഴ്: പെരുമാതുറയിൽ മത്സ്യബന്ധന ബോട്ട് തകർന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയും മത്സ്യത്തൊഴിലാളികളും നാട്ടുകാരും റോഡ് ഉപരോധിച്ചു. സ്ഥലത്തെത്തിയ എം.എൽ.എ വി.ശശിയെയും സബ്കളക്ടർ മാധവിക്കുട്ടിയെയും ഉപരോധക്കാർ തടഞ്ഞു. കടത്തിവിടില്ലെന്ന് ഉപരോധക്കാർ പറഞ്ഞതിനെത്തുടർന്ന് എം.എൽ.എ വാഹനത്തിൽ നിന്നിറങ്ങി ഒന്നര കിലോമീറ്റർ നടന്നാണ് മുതലപ്പൊഴിയിലെത്തിയത്. സബ് കളക്ടർ എത്തിയപ്പോഴും തടഞ്ഞെങ്കിലും വാക്കുതർക്കങ്ങൾക്കൊടുവിൽ സബ്കളക്ടറെ കടത്തിവിടുകയായിരുന്നു. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനത്തിന് സർക്കാർ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ചാണ് നാട്ടുകാർ റോഡ‌് ഉപരോധിച്ചത്. തീരദേശ പാതയിൽ പെരുമാതുറയിലും പൂന്തുറയിലും സമരക്കാർ റോഡിന് കുറുകെ വടം കെട്ടി ഉപരോധിച്ചു. ഇതിനുപുറമെ മാടൻവിള, അഴൂർ റൂട്ടിലെ എല്ലാ ഇടറോഡുകളും അടച്ചു. രാവിലെ 9.30ന് ആരംഭിച്ച സമരം ഉച്ചയോടെ അവസാനിച്ചെങ്കിലും ,പലയിടത്തും ഉപരോധം തുടർന്നു. ഉപരോധം പെരുമാതുറ-അഞ്ചുതെങ്ങ് റൂട്ടിലെ നിരവധി യാത്രക്കാരെ വലച്ചു.