ആറ്റിങ്ങൽ: കെട്ടിട നിർമ്മാണത്തിലെ അപാകതമൂലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടങ്ങളുള്ള സ്കൂളുകളിൽ സ്ഥല പരിമിതി കാരണം ഡിവിഷനുകളും തസ്തികളും നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും, മുൻ വർഷത്തെ തസ്തിക നിലനിറുത്താൻ ഉത്തരവിറക്കിയെന്നും പൊതു വിദ്യാഭ്യാസ വകുപ്പ്. ആറ്റിങ്ങൽ മേഖലയിലെ വിവിധ ഗവ. സ്കൂളുകളിൽ സർക്കാർ ഏജൻസികൾ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകാത്തതാണ് സ്കൂൾ പ്രവർത്തനങ്ങൾ താളം തെറ്റിച്ചത്.
പ്രശ്നം സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്ത സ്കൂളുകളിൽ 2019-2020 അദ്ധ്യായന വർഷത്തെ തസ്തികകൾ തുടരുന്നതിനാവശ്യമായ കുട്ടികൾ ഈ വർഷവുമുണ്ടെങ്കിൽ, തസ്തിക നിർണ്ണയം തുടരാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. വിദ്യാർത്ഥികൾ ഉണ്ടായിട്ടും ക്ലാസ് മുറികളില്ലാത്തതുകാരണം ഡിവിഷനുകൾ ഇല്ലാതാവുകയും ഇതിന് ആനുപാതികമായി അദ്ധ്യാപക തസ്തികകൾ നഷ്ടമാവുകയും ചെയ്യുമെന്നായിരുന്നു ആശങ്ക.അവനവഞ്ചേരി ഗവ. എച്ച്.എസ്, ആറ്റിങ്ങൽ ഡയറ്റ്, അഴൂർ ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകണമെന്നാവശ്യപ്പെട്ട് ഡി.ഇ.ഒ കത്ത് നൽകിയിരുന്നു. തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കുന്നതിന്റെ മുന്നോടിയായാണ് കത്ത് നൽകിയത്. അതിന്റെ മറുപടിയെന്നോണമാണ് ഉത്തരവ് ഇറങ്ങിയത്.കിഫ്ബി ഫണ്ടുപയോഗിച്ച് സ്കൂളുകളിൽ നിർമ്മിച്ച പല കെട്ടിടങ്ങളും നിയമംലംഘിച്ച് നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും കഴിയുന്നില്ല. കിഫ്ബി നിർമ്മാണ ഏജൻസിയായ കൈറ്റിനാണ് കെട്ടിട നിർമ്മാണത്തിന് കരാർ നൽകിയത്.
അവനവഞ്ചേരി ഗവ. എച്ച്.എസിൽ നിർമ്മിച്ച ബഹുനില മന്ദിരം ഫെബ്രുവരി 18ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് 7 മാസമായിട്ടും ആറ്റിങ്ങൽ നഗരസഭ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയില്ല. ആവശ്യത്തിന് സ്റ്റെയർകേസ് നിർമ്മിക്കാത്തതാണ് ഫിറ്റ്നസിന് തടസമായത്. ഡയറ്റ് സ്കൂളിൽ പുതിയ കെട്ടിടം പൂർത്തിയായിട്ടുണ്ട്. ഇതിനും ഫിറ്റ്നസ് നൽകിയിട്ടില്ല. ആവശ്യത്തിന് ക്ലാസ് മുറികളില്ലാതെ സ്കൂളുകൾ ഷിഫ്റ്റ് സമ്പദായത്തിന് തീരുമാനിച്ചിരിക്കുകയാണ്. ഓണം കഴിഞ്ഞാൽ ഷിഫ്റ്റ് സംവിധാനം പ്രാവർത്തികമാക്കാനാണ് തീരുമാനം.
പൊതു വിദ്യാലയങ്ങളിൽ 2019-2020 വർഷത്തിലാണ് അവസാനമായി തസ്തിക നിർണയം നടന്നത്. 2020- 2021 വർഷത്തിൽ കൊവിഡ് പ്രതിസന്ധി കാരണം തസ്തിക നിർണയം നടന്നില്ല. 2019- 20 വർഷത്തെ തസ്തികതന്നെ തുടരുകയാണ് ഇപ്പോഴും.