1
ക്യാപ്ഷൻ : മരിച്ച വിജയമ്മ.

ശ്രീകാര്യം: പൗഡിക്കോണത്ത് വാടക വീട്ടിൽ റിട്ട. നഴ്സിംഗ് സൂപ്രണ്ടിനെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് റിട്ട. നഴ്സിംഗ് സൂപ്രണ്ട് വിജയമ്മയാണ് (79) മരിച്ചത്.

മരണത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിച്ചിരുന്നെങ്കിലും വീഴ്ചയിൽ തലയ്ക്ക് സംഭവിച്ച പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.വീടിന് മുന്നിൽ മറിഞ്ഞുവീണ ഇവരെ അയൽവാസികളുൾപ്പെടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പത്ത് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വന്നശേഷമാണ് വിജയമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിജയമ്മയും ഇരുകാലുമില്ലാത്ത ഏകമകൻ ആഷ് കുമാറും (47) മാത്രമായിരുന്നു വീട്ടിൽ താമസം. ശനിയാഴ്ച രാത്രി 8 മണിയോടെ ആഷ്കുമാറാണ് പാങ്ങപ്പാറ താമസിക്കുന്ന ബന്ധുവിനെ വിളിച്ച് അമ്മ മുറിയ്ക്കുള്ളിൽ അനക്കമില്ലാതെ കിടക്കുന്നതായി അറിയിച്ചത്. തുടർന്ന് ബന്ധു വിവരം ശ്രീകാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. മെഡിക്കൽ സ്റ്റോറുടമയായിരുന്നു ആഷ്കുമാർ. ആർ.സി.സി.യിൽ നഴ്സായ ഭാര്യ ഇയാളെ ഉപേക്ഷിച്ച് മകളെയും കൂട്ടിപോയിരുന്നു. ഇതേ തുടർന്ന് 2017 - ൽ ആഷ്കുമാർ പേട്ടയിൽ ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്നാണ് ഇയാളുടെ ഇരുകാലുകളും മുറിച്ചു മാറ്റപ്പെട്ടത്. അന്നു മുതൽ ആഷ്കുമാർ വീൽചെയറിലാണ് . പിന്നീട് കടബാദ്ധ്യത കാരണം വീടും വസ്തുവകകളും വിറ്റതോടെയാണ് പൗഡിക്കോണത്ത് വാടക വീട്ടിൽ താമസത്തിനെത്തുന്നത്. മദ്യപാനിയായ ആഷ് കുമാർ പണത്തിനായി വിജയമ്മയുമായി കലഹിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.