
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് കീഴിലെ അഴൂർ ശാഖാ ഭാരവാഹികൾക്കെതിരെയും ഗുരുമന്ദിരം സ്ഥിതി ചെയ്യുന്ന അഴൂർ മാർക്കറ്റ് ജംഗ്ഷനിലെ ശാഖാ മന്ദിര സമുച്ചയത്തിനു നേരെയും കുറച്ചുദിവസങ്ങളായി നടക്കുന്ന വ്യാജ പ്രചാരണ അക്രമ സംഭവങ്ങളിൽ യൂണിയൻ - ശാഖാ നേതൃസമിതി യോഗം ശക്തമായി അപലപിച്ചു.
അഴൂർ ശാഖാതലത്തിൽ നടക്കുന്ന ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കംവയ്‌ക്കാനും കഴിഞ്ഞ 20 വർഷത്തിലധികമായി ശാഖാ നേതൃത്വം വഹിക്കുന്ന ഭരണസമിതിയെ താറടിക്കാനുമുള്ള ചില ഗൂഢശക്തികളുടെ നീക്കങ്ങളെ ഒറ്റക്കെട്ടായി എതിർക്കാനും അഴൂരിൽ ചേർന്ന യൂണിയൻ തല നേതൃയോഗം തീരുമാനിച്ചു. പ്രതിഷേധയോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ ഡി.ചിത്രാംഗദൻ, സി.കൃത്തിദാസ്, അജീഷ് കടയ്ക്കാവൂർ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ജി.ജയചന്ദ്രൻ, അഴൂർ ശാഖാ യോഗം പ്രസിഡന്റ് സി.ത്യാഗരാജൻ, സെക്രട്ടറി വി.സിദ്ധാർത്ഥൻ, വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ, എസ്.എൻ ട്രസ്റ്റ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ, എസ്.സുന്ദരേശൻ, ശാഖാ യോഗം ഭാരവാഹികളായ ടി.ബാബു, എൻ.ജയൻ, ദേവദാസൻ, ജി.രാജേന്ദ്രൻ, ഡി.ബാബു മൂലയിൽ, ടി.ബിജു, ആർ.ശിവകുമാർ എന്നിവർ പങ്കെടുത്തു.
സമുദായ കുടുംബങ്ങളിൽ ഗൃഹസന്ദർശനം നടത്തി ശാഖയ്ക്കെതിരെ പ്രവർത്തിക്കുന്നവരെ തുറന്നുകാട്ടാൻ യോഗം തീരുമാനിച്ചു. ശ്രീകുമാർ പെരുങ്ങുഴി ചെയർമാനും അഴൂർ ബിജു ജനറൽ കൺവീനറും ബൈജു തോന്നയ്‌ക്കൽ വൈസ് ചെയർമാനും എൻ. ജയൻ കൺവീനറുമായി ശാഖാ സംരക്ഷണ പ്രതിരോധ സമിതിക്കും രൂപം നൽകി.