cottonhill

തിരുവനന്തപുരം: മാവേലിക്കാലത്തിന്റെ സ്‌മരണകളുയർത്തി കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഓണാഘോഷകലാപരിപാടികൾ വ്യത്യസ്‌തമായി. തെയ്യം,കഥകളി എന്നിവയ്ക്കൊപ്പം കുമ്മാട്ടി,പടയണി,തോറ്റം പാട്ട്,പുലികളി എന്നീ തനത് കലാരൂപങ്ങളും വള്ളംകളി,തുമ്പിതുള്ളൽ,തിരുവാതിര,ഊഞ്ഞാലാട്ടം എന്നീ ഓണക്കളികളും കാണികളുടെ മനം നിറച്ച് വേദിയിലെത്തി. പരീക്ഷാച്ചൂടിനിടയിലും രണ്ടാഴ്‌ച നീണ്ട പരിശീലനത്തിനൊടുവിലാണ് യു.പി വിഭാഗം വിദ്യാർത്ഥികൾ വിവിധ നൃത്തശില്പങ്ങൾ അരങ്ങിലെത്തിച്ചത്. പടയണിക്കോലങ്ങളും കുമ്മാട്ടിവേഷവും ചുണ്ടൻ വള്ളവുമൊക്കെ നിർമ്മിക്കാൻ അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായവും ലഭിച്ചു. മുത്തുക്കുടയും ആലവട്ടവും വെൺചാമരവുമായി കേരളീയ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയോടെയാണ് കലാപരിപാടികൾ അവസാനിച്ചത്.