
ടെർമിനലിന്റെ വിസ്തീർണം അഞ്ചിരട്ടി വർദ്ധിപ്പിക്കാനും അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി ഘട്ടംഘട്ടമായി ആറിരട്ടിയായും, ടെർമിനലിന്റെ വിസ്‌തീർണം അഞ്ചിരട്ടിയായും വർദ്ധിപ്പിക്കും. ഇതിനുള്ള വികസനരേഖ അദാനി എയർപോർട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആർ.കെ. ജെയിനും, ചീഫ് എയർപോർട്ട് ഓഫീസർ പ്രഭാത് മഹപത്രയും ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ട്രിവാൻഡ്രം എയർ കണക്ടിവിറ്റി ഉച്ചകോടിയിൽ അവതരിപ്പിച്ചു.
2024ഓടെ തിരുവനന്തപുരത്തെ കാർബൺ ന്യൂട്രാലിറ്റി വിമാനത്താവളമാക്കി മാറ്റും. 10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ അന്താരാഷ്ട്ര കാർഗോയുടെ നിർമ്മാണം 2024ൽ ആരംഭിച്ച് 2026ൽ പൂർത്തിയാക്കും. 2026ഓടെ ജനറൽ ഏവിയേഷൻ ടെർമിനലുള്ള രാജ്യത്തെ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നായി തിരുവനന്തപുരം മാറും. വിമാനത്താവളത്തിന്റെ മൂന്നാംഘട്ട വികസനം പൂർത്തിയാവുമ്പോൾ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 26.7 ദശലക്ഷമായി വർദ്ധിക്കും. ടെർമിനൽ ഏരിയ 2,30,000 ചതുരശ്ര മീറ്ററായും റൺവേശേഷി മണിക്കൂറിൽ 34 വിമാനങ്ങളായും ഉയരും. 1,60,000 വാർഷിക സർവീസുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ഘട്ടത്തിൽ വിമാനത്താവളത്തിനുണ്ടാവും.
ഒക്ടോബർ മുതൽ വിമാന സർവീസുകൾ വർദ്ധിപ്പിക്കുമെന്ന് വിവിധ വിമാന കമ്പനി അധികൃതർ അറിയിച്ചു. ഇൻഡിഗോ ഡൽഹി സർവീസ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ആകാശ് എയറിന്റെ ഫ്ളൈ ദുബായ് സർവീസ് ദിവസം രണ്ടാക്കും. തിരുവനന്തപുരത്തു നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കും ആഴ്ചയിൽ 14 സർവീസുകൾ ഈ മാസം മുതൽ ആരംഭിക്കും. വിയറ്റ് ജെറ്റ്, സിംഗപ്പൂർ എയർലൈൻസ്, മലേഷ്യൻ എയർലൈൻസ്, എയർ ഏഷ്യ, തായ് എയർ തുടങ്ങിയവ തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. വിമാന കമ്പനികളായ എയർ ഇന്ത്യാ എക്‌സ്‌പ്രസ്, ഇൻഡിഗോ, സ്‌പെക്സ് എക്‌സ്‌പ്രസ്, ആകാശ് എയർ, വിസ്‌താര, എയർ ഏഷ്യ, ഫ്ലൈ ദുബായ്, എയർ അറേബ്യ, ശ്രീലങ്കൻ എയർലൈൻസ്, വിയറ്റ് ജെറ്റ് തുടങ്ങിയവയുടെ മേധാവികൾ പങ്കെടുത്തു. മുതിർന്ന പത്രപ്രവർത്തകൻ നന്ദഗോപാൽ നായർ, അവേക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രജ്ഞിത്ത് രാമാനുജം എന്നിവർ മോഡറേറ്റർമാരായിരുന്നു. സംസ്ഥാന ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, അദാനി എയർപോർട്ട് മാർക്കറ്റിംഗ് ഹെഡ് ഗിൽബെർട്ട് ജോർജ്, കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ്, സൗത്ത് കേരള ഹോട്ടലീയേഴ്സ് ഫോറം മുൻ പ്രസിഡന്റ് എം.ആർ. നാരായണൻ, കിംസ് ഹെൽത്ത് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള, അവേക് സെക്രട്ടറി ആർ.അനിൽ കുമാർ, ജി ടെക് സെക്രട്ടറി വി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.