ബാലരാമപുരം: സഹകരണ പ്രസ്ഥാനം ഏറെ വെല്ലുവിളികളോടെ കടന്നുപോകുമ്പോഴും ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കിവരുന്ന സമ്മിശ്രകൃഷിരീതി മാതൃകയാകുന്നു. ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിംഗ്മിൽ കോമ്പൗണ്ടിൽ തരിശായിക്കിടന്ന മൂന്നര ഏക്കറോളം സ്ഥലത്താണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് സമ്മിശ്രകൃഷി നടത്തി വിജയം കൈവരിച്ചത്. വിഷരഹിതവും ജൈവ കൃഷിരീതിയിലൂടേയും ഗുണമേന്മയുള്ള ഭക്ഷ്യോത്പന്നങ്ങൾ ഗ്രാമീണർക്ക് നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് നൂതന സമ്മിശ്രകൃഷി രീതിക്ക് തുടക്കമിട്ടിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടക്കമിട്ട പദ്ധതി നാടിന്റെ കാർഷികസമ്പത്തിന് ഇന്ന് മുത‍ൽക്കൂട്ടായിമാറിയിരിക്കുകയാണ്.

മൃഗ പരിപാലനവും

പശു, ആട്, കോഴി, മത്സ്യക്കൃഷി എന്നിവയ്ക്ക് പുറമേ ജൈവ കമ്പോസ്റ്റ് നിർമ്മാണം, പുൽക്കൃഷി എന്നിവയും നടന്നുവരുന്നു. വിവിധയിനത്തിൽപ്പെട്ട പശുക്കളായ എച്ച്.എഫ്, ജഴ്സി ബ്രൗൺ, വെച്ചൂർപശു, സിന്ധി ജഴ്സിയും ആടിനത്തിൽ മലബാറി, ജമ്നപ്യാരിയും, എരുമ, വിവിധതരം കോഴികളായ ഗ്രാമശ്രീ, ഗ്രാമപ്രീയ എന്നിവയും പരിപാലിക്കുന്നു. കൂടാതെ വാഴക്കൃഷി, പച്ചക്കറികളായ പാവൽ, പയർ, ചീര, വെണ്ട, വഴുതനങ്ങ, തക്കാളി, കത്തിരി, കറിവേപ്പില, മല്ലിയില എന്നിവയും കൃഷി ചെയ്യുന്നു.