qq

പാലോട്: കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡുകൾ ഉൾപ്പെടെ തകർന്നിട്ടും യാതൊരു നടപടിയും എടുക്കാതെ അധികാരികൾ. നന്ദിയോട് പഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം തകർന്ന് തരിപ്പണമായി. റോഡുകളിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുടവനാട്, ആനക്കുഴി, പാലുവള്ളി റോഡിൽ പേരുപോലെ തന്നെ ആനക്കുഴികളാണുള്ളത്. കാൽനടക്കാർക്ക് ഈ കുഴികൾ താണ്ടി വേണം പോകാൻ. ഇതേ റോഡിൽ കൂടി സഞ്ചരിച്ചാൽ മാത്രമേ സ്കൂൾ, ആരാധനാലയങ്ങൾ, മീൻമുട്ടി ടൂറിസം കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ എത്താൻ പറ്റൂ. സ്കൂൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ കാര്യമാണ് ഏറെ പ്രതിസന്ധിയിലായത്. ഗ്രാമീണ കുടിവെള്ള പദ്ധതിയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാനായി എടുത്ത കുഴികളും അപകടം വിതയ്ക്കുകയാണ്. പുതിയതായി ടാറും, കോൺക്രീറ്റും ചെയ്ത പല റോഡുകളും ഇതിനകം തന്നെ തകർന്ന നിലയിലാണ്.

താന്നിമൂട്ടിൽ നിന്ന് പേരയത്തേക്കുള്ള റോഡ് നിർമ്മാണം കഴിഞ്ഞിട്ട് ആറുമാസം പോലും ആയില്ല. പുതിയ റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പൊളിഞ്ഞു തുടങ്ങി. നന്ദിയോട് - പാലുവള്ളി റോഡും തകർന്നു. മീൻമുട്ടി ടൂറിസം കേന്ദ്രത്തിലെത്താനുള്ള വഴിയും ഇതു തന്നെയാണ്.തകർന്ന റോഡുകൾ അടിയന്തരമായി നന്നാക്കണമെന്നാണ് യാത്രക്കാരുടെ അപേക്ഷ.

ബലക്ഷയത്തിൽ കടുവാപ്പാറ പാലം

കടുവപ്പാറപാലം തകർന്നിട്ട് എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഇതോടുകൂടി ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകളും സർവീസുകൾ അവസാനിപ്പിച്ചു. വെഞ്ഞാറമൂട് പാലോട് മേഖലകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുർഗതി. ഏറെ പഴക്കമുള്ള ഈ പാലം പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കുക മാത്രമാണ് ഏക പരിഹാരമാർഗമെന്ന് പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പരിഹാരമാകും...

ചെല്ലഞ്ചി നന്ദിയോട് റോഡിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ കടുവാപ്പാറ പാലത്തിനായി വീണ്ടും പണം അനുവദിക്കാനാവില്ലെന്നും നിലവിലെ റോഡ് നിർമ്മാണത്തോടനുബന്ധിച്ച് പാലത്തിനും ശാശ്വത പരിഹാരമാകുമെന്നുമാണ് അധികാരികൾ അറിയിക്കുന്നത്. നന്ദിയോട് ഗ്രാമപഞ്ചായത്തിലെ റോഡുകൾ തകർന്ന് തരിപ്പണമായിട്ടും ത്രിതല പഞ്ചായത്തിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾക്ക് തയ്യാറാകുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ അറിയിച്ചിട്ടുണ്ട്.