വിഴിഞ്ഞം: കിണറ്റിനുള്ളിൽ അകപ്പെട്ട പോത്തിനെ വിഴിഞ്ഞം ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് കോളിയൂരാണ് സംഭവം. പോത്ത് കയർ പൊട്ടിച്ച് സമീപത്തെ 80 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന കിണറിനുള്ളിൽ 25 അടിയോളം വെള്ളവുമുണ്ടായിരുന്നു. സ്റ്റേഷൻ ഓഫീസർ ടി.കെ.അജയ്, ഗ്രേഡ് അസി.എസ്.ടി.ഒ അലി അക്ബർ, ഫയർമാൻമാരായ എസ്.എം. സതീഷ്,ആർ.അനീഷ്, ടി.എൽ.സന്തോഷ് കുമാർ, അമൽ ചന്ദ്, ഡ്രൈവർ എസ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂറിലേറെ ശ്രമിച്ചാണ് പോത്തിനെ പരിക്ക് കൂടാതെ പുറത്തെത്തിച്ചത്. കെ.കെ സദനത്തിൽ ഷൈൻമോഹന്റെ ഉടമസ്ഥതയിലുള്ളതാണ് പോത്ത്.