വിതുര: മലയോര മേഖലയിൽ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു.നാട്ടിൻപുറങ്ങളെ അപേക്ഷിച്ച് വനമേഖലകളിലാണ് മഴ തിമിർത്തു പെയ്യുന്നത്. പൊൻമുടി,ബോണക്കാട്,കല്ലാർ,പേപ്പാറ വനാന്തരങ്ങളിൽ മിക്ക ദിവസങ്ങളിലും മഴ കോരിച്ചൊരിയുകയാണ്. നദികളെല്ലാം നിറഞ്ഞു.ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ പേപ്പാറ ഡാം അനവധി തവണ തുറന്നുവിട്ടിരുന്നു.
പൊൻമുടി മേഖലയിൽ മഴ കനത്തതോടെ അനവധി തവണയാണ് കല്ലാർ നദിയിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായത്.നദിയിൽ കുളിക്കാനിറങ്ങിയ അനവധി പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്.1992ൽ കല്ലാർ സന്ദർശിക്കാൻ തിരുവനന്തപുരം ഡെന്റൽ കോളേജിൽ നിന്നെത്തിയ എട്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.പൊൻമുടി വനത്തിൽ മഴ കനത്താൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി കല്ലാർ ഗതി മാറി ഒഴുകുക പതിവാണ്.
ഇതോടെ പാലങ്ങൾ വെള്ളത്തിൽ മുങ്ങുകയും ഗതാഗതതടസമുണ്ടാകുകയും ചെയ്യും. ഒരാഴ്ച മുൻപ് ബോണക്കാട് വനാന്തരത്തിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ ആനപ്പാറ ചിറ്റാർ പാലം മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങുകയും പൊൻമുടി - വിതുര സംസ്ഥാനപാതയിൽ ഗതാഗതതടസം നേരിടുകയും ചെയ്തിരുന്നു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് മരുതാമല മക്കി ഗ്രാമവും വെള്ളത്തിൽ മുങ്ങി.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന അറിയിപ്പുണ്ട്.
മഴ മരണക്കെണിയാകും
പൊൻമുടി ഇടിഞ്ഞാർ വനമേഖലയിൽ മഴ തിമിർത്തുപെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ മങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ നെടുമങ്ങാട് സ്വദേശികളായ രണ്ട് പേർ മരണപ്പെട്ടിരുന്നു. നേരത്തെ പൊൻമുടി വനാന്തരത്തിൽ ശക്തമായ മഴയെ തുടർന്ന് കല്ലാർ നദിയിലേക്ക് മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും,കല്ലാർ മീൻമുട്ടി സന്ദർശിക്കാനെത്തിയ സംഘം നദിക്കക്കരെ കുടുങ്ങുകയും ചെയ്തിരുന്നു. വെള്ളപ്പാച്ചിലിനെ തുടർന്ന് കല്ലാർ നദിയിലെ പാറയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയിരുന്നു.
കൃഷിയും നശിച്ചു
മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഏക്കറുകണക്കിന് കൃഷി ഭൂമി ഒലിച്ചുപോകുകയും,പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.വനമേഖലയിൽ മഴ ശക്തിപ്രാപിച്ചതോടെ വാമനപുരം നദിയുടെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവർ ഭീതിയുടെ നിഴലിലാണ്.